‘ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യന്‍, ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കണം’

Posted on: April 30, 2017 8:46 pm | Last updated: April 30, 2017 at 8:46 pm

ദോഹ: വിനോദ സഞ്ചാര മേഖലയില്‍ വികസനം തേടുന്ന ഖത്വര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് നിര്‍ദേശം. കോളിയേഴ്‌സ് ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടിലാണ് ഈ ശിപാര്‍ശ.
ഇതിനായി ഒരു വിസയില്‍ ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന യൂറോപ്പിന്റെ ഷെന്‍ഗന്‍ വിസാ സമ്പ്രദായത്തില്‍ നിന്ന് ജിസിസി മാതൃക ഉള്‍ക്കൊള്ളണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഇതു വളരയെധികം പ്രയോജനപ്പെടും.
ആറ് ഗള്‍ഫ് രാജ്യങ്ങളിലും സഞ്ചരിക്കാവുന്ന വിസ എന്ന നിര്‍ദേശം പുതിയതല്ല. വര്‍ഷങ്ങളായി ജിസിസി ഇക്കാര്യം പരിഗണിച്ചുവരുന്നുണ്ട്. എന്നാല്‍, ഖത്വര്‍, കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ തമ്മില്‍ കേന്ദ്രീകൃത ഇലക്‌ട്രോണിക് ബന്ധം ഇല്ലാത്തതാണ് പ്രധാന തടസ്സം.

എണ്ണ വിലയിടിവിനെ തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ ഇത്തരം തടസ്സങ്ങള്‍ മറികടന്ന് ടൂറിസം രംഗത്ത് കൂടുതല്‍ വരുമാനം തേടേണ്ടതുണ്ടെന്നാണ് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നത്. ഷെന്‍ഗന്‍ ടൈപ്പ് വിസക്കു പുറമെ, സാംസ്‌കാരിക വിനിമയ പരിപാടികള്‍, ഇന്ത്യന്‍ ചൈനീസ് യാത്രക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം, സ്‌പെഷ്യല്‍ ഷോപ്പിംഗ് ഡിസ്‌കൗണ്ടുകള്‍ തുടങ്ങിയവയും ഏര്‍പ്പെടുത്തണമെന്ന് കോളിയേഴ്‌സ് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

ഖത്വര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2016 സാംസ്‌കാരിക വര്‍ഷത്തില്‍ ചൈനയായിരുന്നു ഖത്വറിന്റെ പങ്കാളി. ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം സജീവമായി പരിഗണിച്ചുവരികയാണ്. ഹോട്ടലുകള്‍ അതിഥികളെ അവരുടെ പ്രാദേശിക ഭാഷയില്‍ സ്വീകരിക്കുകയും അവരുടെ സാംസ്‌കാരിക ശീലങ്ങളെ മാനിക്കുകയും ചെയ്യുന്നതും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.