അപകടങ്ങളില്‍ നിന്നും അസുഖങ്ങളില്‍ നിന്നും ഖത്വറിലെ തൊഴിലാളികള്‍ മുക്തരെന്ന് മന്ത്രി

Posted on: April 30, 2017 7:25 pm | Last updated: April 30, 2017 at 7:43 pm

ദോഹ: മരണത്തിനിടയാക്കുന്ന അപകടങ്ങളില്‍നിന്നും പകര്‍ച്ച വ്യാധികളില്‍ നിന്നും രാജ്യത്തു പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ മുക്തരാണെന്ന് തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മാനുഷികമായ അബദ്ധങ്ങളെത്തുടര്‍ന്നു മാത്രമാണ്. പ്രഥമ ഒക്യുപേഷനല്‍ ഹെല്‍ത്ത് സേഫ്റ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ സുരക്ഷക്കായി ജോലി സ്ഥലത്തും താമസസ്ഥലത്തും പരമാവധി സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. സുതാര്യതയും ആധികാരികതയും പുലര്‍ത്തുന്നതിനായി ഒ എച്ച് എസുമായി സഹകരിച്ചും ആശയങ്ങള്‍ കൈമാറിയും പ്രവര്‍ത്തിക്കുന്നു. തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഖത്വറിന് ഒന്നും മറച്ചു വെക്കാനില്ല. മൂന്ന് അടിസ്ഥാന തത്വങ്ങളില്‍ നിന്നാണ് തൊഴിലാളി സുരക്ഷ ഉറപ്പുവരുത്തുന്നത്. നിമയനിര്‍മാണത്തിലൂടെയുള്ള നടപടികള്‍, തൊഴില്‍ സുരക്ഷക്കായുള്ള പരിശീലനവും നിരീക്ഷണവും, തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമിടയിലുള്ള ബോധവത്കരണം എന്നിവയാണവ. സുരക്ഷാ നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി മന്ത്രാലയം പരിശോധനാ വിഭാഗം ആയിരക്കണക്കിനു പരിശോധനകളാണ് നടത്തുന്നത്. മന്ത്രാലയത്തിന്റെയും ഒ എച്ച് എസിന്റെയും മാര്‍ഗരേഖകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് തൊഴില്‍ സ്ഥലത്തും പാര്‍പ്പിടങ്ങളിലുമുള്ള പരിശോധനുടെ ലക്ഷ്യം. മന്ത്രാലയം പ്രതിനിധികള്‍ക്കു പുറമേ ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി-പൊതുആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കു ചേരും. പൗരന്‍മാരുടെയും വിദേശ തൊഴിലാളികളുടെയും ആരോഗ്യവും അപകട സുരക്ഷയും രാജ്യം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈ രംഗത്തെ മറ്റു സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും സന്നദ്ധമാകുന്നു. ഈ ലക്ഷ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.