വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് ധനസഹായം

Posted on: April 30, 2017 10:44 am | Last updated: April 30, 2017 at 10:44 am

വിദ്യാഭ്യാസം ഏറെ ചെലവേറിയതാണ് ഇന്ന്. സാങ്കേതിക വിദ്യാഭ്യാസം പ്രത്യേകിച്ചും. ലക്ഷങ്ങളാണ് മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസിനത്തില്‍ വാങ്ങുന്നത്. അതേസമയം സമ്പന്നരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തത്പരരാണ് രക്ഷിതാക്കള്‍. ഏത് വിധേനയും മക്കളെ പഠിപ്പിച്ചു ഉന്നതിയിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നു ഓരോ രക്ഷിതാവും. ബേങ്ക് ലോണുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസം കഴിഞ്ഞു ജോലിയിലായാല്‍ വായ്പ അടച്ചു തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് വായ്പയെടുക്കുന്നത്. ലക്ഷങ്ങള്‍ വായ്പയെടുത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോഴേക്കും പലിശയടക്കം തുക ഇരട്ടിയായിട്ടുണ്ടാകും. എന്നാല്‍ വിദ്യാഭ്യാസം കഴിഞ്ഞാലുടനെ അനുയോജ്യമായ ജോലി ഇന്ന് അത്ര എളുപ്പമല്ല.
രാജ്യത്ത് തൊഴിലില്ലായ്മയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്നാണ് ദി നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നാല് വര്‍ഷം മുമ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. കേരളത്തിലെയും സംസ്ഥാനത്തിന് പുറത്തെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠനം കഴിഞ്ഞു പുറത്തിറങ്ങിയ കേരളീയ വിദ്യാര്‍ഥികളുടെ എണ്ണം ഈ മേഖലകളിലെ തൊഴിലവസരങ്ങളേക്കാള്‍ കൂടുതലാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇനി ജോലി കിട്ടിയാലും ശമ്പളം വായ്പാ തിരിച്ചടവിന് തികയില്ലെന്നതാണ് പലരുടെയും അവസ്ഥ. കോഴ്‌സ് പൂര്‍ത്തിയായി ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലയളവില്‍ തിരിച്ചടവ് തുടങ്ങണമെന്ന നിബന്ധനയിലാണ് ബേങ്കുകള്‍ വായ്പ അനുവദിക്കുന്നത്. ജോലി കിട്ടിയില്ലെങ്കിലും തിരിച്ചടവ് നിര്‍ബന്ധമാണ്. അതിന്റെ സമയം തെറ്റിച്ചാല്‍ ബേങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ സ്വീകരിക്കും. ചില ബേങ്കുകാര്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും സമൂഹമധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നതായും പരാതി ഉയര്‍ന്നിരുന്നു. 14 ശതമാനം വരെ പലിശയാണ് ബേങ്കുകള്‍ വിദ്യാഭ്യാസ വായ്പക്ക് ഈടാക്കുന്നത്. കോഴ്‌സ് ഫീസനുസരിച്ച് 20 ലക്ഷം രൂപ വരെ ബേങ്കുകള്‍ വായ്പ അനുവദിക്കാറുണ്ട്. വായ്പയെടുത്ത് മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയ ഒട്ടനവധി പേര്‍ ഇന്ന് കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ്. വിദ്യാഭ്യാസ കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്തവരുമുണ്ട്. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബേങ്കിന്റെ അമ്പലവയല്‍ ശാഖയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്ത് നഴ്‌സിംഗ് പഠിച്ച വിദ്യാര്‍ഥിനി വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തത് മൂന്ന് വര്‍ഷം മുമ്പാണ്. ഇത്തരം കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ ധനസഹായ പദ്ധതി.
2016 മാര്‍ച്ച് 31നു മുമ്പ് കിട്ടാക്കടമായി പ്രഖ്യാപിച്ച ആറ് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ സാധാരണ കുടുംബങ്ങള്‍ക്കും ഒമ്പത് ലക്ഷം വരെ വരുമാനമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങള്‍ക്കും പദ്ധതി പ്രയോജനപ്പെടും. ഇതനുസരിച്ചു ജോലിലഭിക്കുന്നതു വരെ (പരമാവധി നാലുവര്‍ഷം) വായ്പാ തുകയുടെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കും. ഒന്നാം വര്‍ഷം തുകയുടെ 90 ശതമാനവും രണ്ടാം വര്‍ഷം 75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷം 25 ശതമാനവുമാണ് സര്‍ക്കാര്‍ തിരിച്ചടവ്. എന്നാല്‍ ബാക്കി തുക കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളൂ. വിദ്യാഭ്യാസ വായ്പ എടുത്ത ശേഷം മരണമടഞ്ഞ വിദ്യാര്‍ഥികളുടെ വായ്പാ തുകയും അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചവരുടെ വായ്പാ തുകയും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാറിന് ഏകദേശം 900 കോടി രൂപ ബാധ്യത വരുന്നതാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.
വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് ധനസഹായം നല്‍കുന്നതോടൊപ്പം എന്തുകൊണ്ട് വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായി എന്നത്, അല്ലെങ്കില്‍ അവനെ കടക്കെണിയില്‍ അകപ്പെടുത്തുന്ന സ്ഥിയിലെത്തിയെന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവതരമായ ആലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നല്‍കുന്ന വിദ്യാഭ്യാസം സമൂഹത്തിലെ ഓരോ കുട്ടിക്കും അവകാശപ്പെട്ടതാണ്. ഇത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും ചുമതലയുമാണുതാനും. എന്നാല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാമൂഹിക നീതിക്കുവേണ്ടി ശക്തമായി വാദിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസ മേഖലയില്‍ കടുത്ത അസമത്വത്തിന് ഇടവരുത്തുന്ന വിധത്തില്‍ സ്വകാര്യ മേഖലക്ക് അത് തീറെഴുതിക്കൊടുക്കുകയായിരുന്നു. നിരന്തര സമരങ്ങളുടെ ഫലമായാണെങ്കിലും സ്‌കൂള്‍ തല വിദ്യാഭ്യാസം ഇന്ന് സാധാരണക്കാരനും പ്രാപ്യമായിട്ടുണ്ട്. ഉയര്‍ന്ന തലങ്ങളിലെത്തുമ്പോള്‍ പക്ഷേ സ്ഥിതി മാറുന്നു. അവിടെയും സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാകണം. ചുരുങ്ങിയ പക്ഷം സ്വകാര്യ സ്ഥാപനങ്ങളുടെ കഴുത്തറപ്പന്‍ ഫീസില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമെങ്കിലും സര്‍ക്കാര്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.