ഉത്തര കൊറിയ പരേഡില്‍ പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ വ്യാജമെന്ന് യുഎസ്

Posted on: April 28, 2017 12:13 pm | Last updated: April 28, 2017 at 1:26 pm

വാഷിംഗ്ടണ്‍: ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ അടുത്തിടെ നടത്തിയ സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ചത് വ്യാജ ആയുധങ്ങളെന്ന് അമേരിക്ക. പരേഡിനിടെ സൈനികര്‍ ധരിച്ച സണ്‍ഗ്ലാസുകള്‍ പോലും യുദ്ധസമയത്ത് ഉപയോഗിക്കാന്‍ സജ്ജമായത് അല്ലെന്നും അമേരിക്കന്‍ ഇന്റ്‌റലിജന്‍സ് ഉദ്യോഗസ്ഥന്‍ മൈക്കിള്‍ പ്രജന്റ് പറഞ്ഞു. ഏപ്രില്‍ 15ന് ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ് യാംഗില്‍ നടന്നപരേഡിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

പരേഡില്‍ ഗ്രനേഡ് ലോഞ്ചറുകളോട് ഘടിപ്പിച്ച എകെ 47 തോക്കുകളാണ് സൈനികര്‍ കൈയിലേന്തിയിരുന്നത്. എന്നാല്‍ ഇതില്‍ അധികവും ഡമ്മിയാണെന്നാണ് മൈക്കിള്‍ പറയുന്നത്. തോക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ ശരിക്കും ഒരു സര്‍പ്പിളാകൃതിയില്‍ സൂക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഹെലിക്കല്‍ മാഗസിനുകളാണ്. ഈ മാഗസിനുകള്‍ പലതും തകരാറുള്ളവയാണെന്നും മൈക്കിള്‍ പറഞ്ഞു. ഉത്തരകൊറിയ ആയുധ ദൗര്‍ലഭ്യം നേരിടുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.