മണിയുടെ പ്രസംഗം ഗൗരവതരം; സംസ്ഥാന പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്ന് ഹൈക്കോടതി

>>മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമെന്നാണോ കരുതുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
Posted on: April 28, 2017 11:46 am | Last updated: April 28, 2017 at 4:40 pm

കൊച്ചി: അടിമാലിയിലെ ഇരുപതേക്കറില്‍ മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. മണിക്കെതിരെ ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിട്ടുണ്ടോയെന്നു ചോദിച്ച കോടതി സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ഇതൊന്നും പോലീസ് മേധാവി കാണുന്നില്ലേയെന്നും ചോദിച്ചു.
മണിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് ഇടുക്കി എസ്പിയോട് വിശദീകരണവും തേടി. മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം എംഎം മണിയുടെ പ്രസംഗത്തില്‍ സ്ത്രീകള്‍ക്കെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണ് മണി പറഞ്ഞതെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ, അവരും മനുഷ്യരാണ്, അവര്‍ക്കും പൗരാവകാശങ്ങളുണ്ടെന്നും ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു.