ഡല്‍ഹിയെ രക്ഷിക്കാന്‍ സാമുവല്‍സ് വരുന്നു

ക്വുന്റണ്‍ ഡി കോക്കിന് പകരക്കാരനായാണ് താരത്തെ ടീമിലെടുത്തത്‌
Posted on: April 27, 2017 5:52 pm | Last updated: April 27, 2017 at 5:52 pm

ഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വുന്റണ്‍ ഡി കോക്കിന് പകരം ഡല്‍ഹി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് വെസ്റ്റിന്‍ഡീസ് ആള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സിനെ ടീമിലെത്തിച്ചു. സാമുവല്‍സ് ഈ മാസം 29ന് ടീമിനൊപ്പം ചേരും. പരുക്കിനെ തുടര്‍ന്ന് ഡി കോക്ക് ഈ ഐ പി എല്ലില്‍ കളിച്ചിരുന്നില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. 2013ലാണ് സാമുവല്‍സ് അവസാനമായി ഐ പി എല്ലില്‍ കളിച്ചത്. അന്ന് പൂനെ വാരിയേഴ്‌സിന് വേണ്ടിയാണ് താരം ജേഴ്‌സിയണിഞ്ഞത്. ഈ തവണ നടന്ന ലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സാമുവല്‍സിനെ ആരും വാങ്ങിയിരുന്നില്ല. ട്വന്റി 20യില്‍ ആകെ 149 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയടക്കം താരം 3757 റണ്‍സ് നേടിയിട്ടുണ്ട്. 68 വിക്കറ്റുകളും വീഴ്ത്തി. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പില്‍ വിന്‍ഡീസ് ജേതാക്കളായ ടീമില്‍ അംഗമായിരുന്നു. സഹീര്‍ ഖാന്‍ ക്യാപ്റ്റനായ ഡല്‍ഹി ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം നിറം മങ്ങുകയായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള അവര്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. വെള്ളിയാഴ്ച ഡല്‍ഹി, പോയിന്റു പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.