Connect with us

Kozhikode

കാലിക്കറ്റില്‍ ജീവനക്കാര്‍ ഒപ്പിട്ട് മുങ്ങുന്നതായി വൈസ് ചാന്‍സിലര്‍

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരില്‍ ചിലര്‍ പഞ്ച് ചെയ്ത ശേഷം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ നിന്നിറങ്ങിപോകുന്നതായുള്ള വൈസ് ചാന്‍സിലറുടെ സര്‍ക്കുലറിനെതിരെ ജീവനക്കാര്‍ക്ക് അതൃപ്തി. യൂനിവേഴ്‌സിറ്റി ജീവനക്കാരില്‍ ചിലര്‍ സ്ഥിരമായി പഞ്ച് ചെയ്തശേഷം ജോലി ചെയ്യാതെ മുങ്ങി നടക്കുന്നതായും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

പഞ്ച് ചെയ്ത ശേഷം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക സമയത്ത് ഓഫീസില്‍ നിന്നിറങ്ങി പോകുന്നതായും തോന്നുംവിധമാണ് തിരിച്ചുവരുന്നതുമെന്ന ആക്ഷേപം വ്യാപകമായ സാഹചര്യത്തിലാണ് വിസി ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. പ്രെബേഷന്‍ പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്താല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരത്തിലുള്ളവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിസി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിനെ തുടര്‍ന്ന് പതിവായി മുങ്ങുന്നവര്‍ കൃത്യമായി ഹാജരാകുന്നുണ്ടെങ്കിലും കൃത്യവിലോപത്തിലെ അലംഭാവം സമൂഹത്തിന് മുന്നില്‍ വിസി തുറന്നുകാട്ടിയതില്‍ ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടായിട്ടുണ്ട്. ഏതാനും ജീവനക്കാരുടെ പേരില്‍ മറ്റെല്ലാ ജീവനക്കാരെയും ബാധിക്കുന്ന തരത്തില്‍ സര്‍ക്കുലര്‍ ഇറക്കിയതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തുവന്നത്.
മേലധികാരികളുടെ അനുവാദില്ലാതെയും മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും ചില ജീവനക്കാര്‍ പതിവായി മുങ്ങുന്നതായും ചിലര്‍ സ്ഥിരമായി നേരം വൈകി വരുന്നതായുമാണ് വിസി വ്യക്തമാക്കിയത്. മേലധികാരികള്‍ ഇതൊന്നും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.