ഡല്‍ഹി മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ചു

Posted on: April 27, 2017 11:43 am | Last updated: April 27, 2017 at 10:44 am

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികളെ സാക്ഷി നിര്‍ത്തി ഡല്‍ഹി മുസ്‌ലിം ജമാഅത്തിന്റെ പ്രഖ്യാപനം ഇന്ത്യന്‍ – ഇസ്‌ലാമിക് കള്‍ച്ചറല്‍ സെട്രലില്‍ അഖിലേന്ത്യ സുന്നീ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ഡല്‍ഹിയിലെ വിവിധ മസ്ജിദുകളിലെ ഇമാമുമാര്‍, പണ്ഡിതര്‍, വിവിധ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യവ്യാപകമായി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ജമാഅത്ത് നേതൃത്വം നല്‍കുമെന്ന് കാന്തപുരം പറഞ്ഞു.

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഇസ്‌ലാമിക സംഘടനകള്‍ മുസ്‌ലിം ജമാഅത്തുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാവരുടേയും നന്മ ലക്ഷ്യം വെച്ചാണ് മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൗലാന സാക്കിര്‍ ഹുസൈന്‍ നൂരി അധ്യക്ഷനായി. മുസ്‌ലിം ജമാഅത്ത് ഘടകത്തിന്റെ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രഖ്യാപനവും കാന്തപുരം നിര്‍വഹിച്ചു. സംഘടനയുടെ നയനിലപാടുകള്‍ വിശദീകരിച്ച് മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി സംസാരിച്ചു. കേരള മാതൃകയില്‍ ഇസ് ലാമിക പ്രബോധനം രാജ്യവ്യാപകമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിം ജമാഅത്തുകള്‍ രൂപവത്കരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും മുസ്‌ലിം ജമാഅത്തുകള്‍ രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീര്‍, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം മുസ്‌ലിം ജമാഅത്ത് രൂപവതകരിച്ചിട്ടുണ്ട്. ബാക്കിവരുന്ന സംസ്ഥാനങ്ങളില്‍ കൂടി രൂപവത്കരിക്കുന്നതടെ അഖിലേന്ത്യ തലത്തില്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി രൂപവതകരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ജമാഅത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴിനിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുന്നി പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.