ഗുലന്റെ അനുയായികളായ ആയിരം പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തു

Posted on: April 27, 2017 9:58 am | Last updated: April 27, 2017 at 10:06 am

ഇസ്തംബൂള്‍: സൈനിക അട്ടിമറിക്ക് ശ്രമം നടത്തിയെന്ന് തുര്‍ക്കി ആരോപിക്കുന്ന മതപണ്ഡിതന്‍ ഫതഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന കുറ്റം ചുമത്തി ആയിരക്കണക്കിനാളുകളെ അറസ്റ്റ് ചെയ്തു. രാജ്യത്താകമാനം നടത്തിയ വ്യാപക റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു വ്യക്തമാക്കി. 1009 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ റെയ്ഡാണിതെന്നും ഗുലെന്റെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പോലീസിനെ ഉപയോഗിച്ച് 81 പ്രവിശ്യകളിലും വ്യാപകമായ തിരച്ചില്‍ നടന്നിരുന്നെന്നും ഗുലന്റെ അനുയായികളെയും അനുഭാവികളെയും വ്യാപകമായി അറസ്റ്റ ചെയ്യുന്ന നീചമായ പോലീസ് നടപടിയാണ് നടന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂടുതലാളുകളെ ഇനിയും അറസ്റ്റ് ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ജൂലൈയില്‍ നടന്ന സൈനിക അട്ടിമറി ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കയില്‍ കഴിയുന്ന ഗുലന്റെ സ്വദേശത്തെ അനുയായികള്‍ക്കായി വ്യാപകമായ തിരച്ചിലാണ് തുര്‍ക്കി നടത്തിയത്. ഗുലെന്റെ ആശയത്തില്‍ സ്വാധീനമുള്ള മുഴുവനാളുകളെയും ഇല്ലായ്മ ചെയ്യുകയെന്ന രീതിയാണ് തുര്‍ക്കി കൈക്കൊണ്ടത്. രാജ്യത്തിന്റെ ശത്രുക്കളെന്ന് മുദ്രക്കുത്തി ഗുലന്റെ അനുയായികള്‍ക്കെതിരെ നടത്തുന്ന നീക്കം ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
ഗുലെന്റെ അനുയായികളായതിന്റെ പേരില്‍ ഇതിനകം അരലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 10,700 പോലീസ് ഉദ്യോഗസ്ഥരും 7,400 സൈനിക ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടും.