എം.എം മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം; ബഹളത്തില്‍ സഭ പിരിഞ്ഞു

Posted on: April 26, 2017 11:26 am | Last updated: April 26, 2017 at 4:32 pm

തിരുവനന്തപുരം: മന്ത്രി എം.എം മണി വിഷയത്തില്‍ ബഹളത്തില്‍ മുങ്ങി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിവസമാണ് നിയമസഭ നിര്‍ത്തിവെക്കുന്നത്. മണിയുടെ രാജിയില്‍ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.

ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയില്ല. മന്ത്രി മണിയുടെ വിവാദ പ്രസംഗം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയെങ്കിലും ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

ജനങ്ങള്‍ തളളിക്കളഞ്ഞ ഒറ്റപ്പെട്ട സമരമാണ് മൂന്നാറിലേത്. അവിടെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് സമരമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചത് ആലോചനയില്ലാതെ ആണെന്ന് മുഖ്യമന്ത്രി ഇന്നും സഭയില്‍ വ്യക്തമാക്കി. സമരത്തെ സംഘടനാ നേതാക്കള്‍ തന്നെ തളളിപ്പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണി ഖേദം പ്രകടിപ്പിച്ചതിനാല്‍ ഇനി ആ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്നും സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും അടിയന്തര പ്രമേയാവതരണ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കി.