Connect with us

National

ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ തലങ്ങളില്‍ പ്രത്യേക കോടതി രൂപവത്കരിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാ തലത്തില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ ഈ കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദീപക് മിശ്രയും എഎം കന്‍വില്‍കറും എംഎം ശാന്തന ഗൗഡറും അടങ്ങിയ ബഞ്ചിന്റെതാണ് സുപ്രധാന വിധി.

ഭിന്നശേഷിക്കാരുടെ കേസുകള്‍ക്കായി ജില്ലാ തലങ്ങളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ആഗസ്റ്റ് 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കോടതി ഉത്തരവ് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഉടന്‍ അയച്ചുകൊടുക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ നിയമം 2016 വിജ്ഞാപനം ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് ഭിന്ന ശേഷിക്കാരുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്നതിന് സുപ്രിം കോടതി തന്നെ നടപടി തുടങ്ങിയത്. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി പ്രത്യേകം കോടതികള്‍ വേണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ നിയമം പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമം ശരിയായി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

Latest