സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി

Posted on: April 25, 2017 4:49 pm | Last updated: April 25, 2017 at 4:49 pm

ടി പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി സ്ഥാനത്തു നിന്നു നീക്കിയ പിണറായി സര്‍ക്കാറിന്റെ നടപടി ന്യായയുക്തമല്ലെന്ന് വിലയിരുത്തിയ സുപ്രീം കോടതി അദ്ദേഹത്തെ തദ്സ്ഥാനത്ത് നിയമിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. ഡി ജി പി പോലെ സുപ്രധാന തസ്തികകളിലെ നിയമനം സര്‍ക്കാറിന്റെ വിവേചനാധികാരത്തിന്റെ ഭാഗമാണെന്ന ന്യായത്തില്‍ സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി വിധി പരമോന്നത കോടതി തള്ളുകയും ചെയ്തു. ഇന്നലത്തെ കോടതി വിധിയോടെ സെന്‍കുമാറിന് അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 30 വരെ പൊലീസ് മേധാവി സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹത്തെ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിയാക്കി മാറ്റി ലോക്‌നാഥ് ബെഹ്‌റയെ ഡി ജി പിയായി നിയമിച്ചത്. എന്നാല്‍, സെന്‍കുമാര്‍ പുതിയ സ്ഥാനം ഏറ്റെടുക്കാതെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമയുദ്ധത്തിനിറങ്ങുകയായിരുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം, ജിഷ വധം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വീഴ്ചകളാണ് സെന്‍കുമാറിനെ ഡി ജി പി സ്ഥാനത്തു നിന്ന് മാറ്റുന്നതിന് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍. നേരത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് സെന്‍കുമാറിന്റെ വീഴ്ച സംബന്ധിച്ചു സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അന്വേഷിച്ച കോടതിക്ക് മതിയായ വിശദീകരണം നല്‍കുന്നതില്‍ സര്‍ക്കാറിന് സംഭവിച്ച പരാജയമാണ് സെന്‍കുമാറിന് തുണയായത്. ഈ റിപ്പോര്‍ട്ട് തള്ളി, വ്യക്തമായ കാരണങ്ങളൊന്നും ബോധിപ്പിക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ മാറ്റിയതെന്ന സെന്‍കുമാറിന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഡി ജി പിയായി നിയമിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷം തുടര്‍ച്ചയായി സേവന കാലാവധി ലഭിക്കണമെന്ന് 2006ലെ പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ഇത് ചൂണ്ടിക്കാട്ടി തനിക്ക് നഷ്ടപ്പെട്ട കാലയളവ് ഉള്‍പ്പെടെ രണ്ട് വര്‍ഷത്തെ സേവനം ലഭിക്കുന്നത് ഉറപ്പ് വരുത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

വിചാരണാ വേളയില്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ സുപ്രീംകോടതി നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പോലീസിന്റെ വീഴ്ച പരിഗണിച്ചാണ് മാറ്റിയതെങ്കില്‍, ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരത്തിലെ വീഴ്ച കണക്കെടിലെടുത്ത് നിലവിലെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ എന്തുകൊണ്ട് മാറ്റിയില്ലെന്ന് കോടതി ചോദിച്ചു. സെന്‍കുമാറിനെ മാറ്റിയ ശേഷം കണ്ണൂരില്‍ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും കോടതി ആരായുകയുണ്ടായി. വ്യക്തി താത്പര്യങ്ങള്‍ പരിഗണിച്ചാണു സര്‍ക്കാര്‍ നടപടിയെടുത്തതെന്നാണ് ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷണം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. അങ്ങനെ നടപടിയെടുത്താല്‍ പോലീസ് ആസ്ഥാനത്ത് ആരും കാണില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസുകളിലെ വീഴ്ചയെ തുടര്‍ന്നല്ല സെന്‍കുമാറിനെ മാറ്റിയതെന്നും യോഗ്യത ഇല്ലാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി അതിനിടെ പ്രസ്താവിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാറുകള്‍ മാറുമ്പോള്‍ ഉന്നത പോലീസ് പദവികളിലെ ഇളക്കി പ്രതിഷ്ഠപ പതിവാണ്, കേരളത്തില്‍ മുന്‍ സര്‍ക്കാറുകളുടെ കാലത്തെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലുമുണ്ട് ഈ പ്രവണത. യു പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ പാടെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനമുണ്ടായിരുന്നു. മിക്കവാറും രാഷ്ട്രീയ താത്പര്യങ്ങളായിരിക്കും ഇതിന് പിന്നില്‍. കതിരൂര്‍ മനോജ് വധക്കേസ്, ഷുക്കൂര്‍ വധക്കേസ്, ടി പി വധം തുടങ്ങിയ കേസുകളില്‍ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടുകളാണ് സി പി എം നേതൃത്വത്തിന് അദ്ദേഹത്തെ അനഭിമതനാക്കിയതെന്ന് വാര്‍ത്ത വന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ആളായി സെന്‍കുമാര്‍ അക്കാലത്ത് വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. സെന്‍കുമാര്‍ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചിരുന്നതുമാണ്. സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യത്തിന് ഉദ്യോഗസ്ഥരെ മാറ്റുന്ന പ്രവണത അഭിലഷണീയമല്ല. അതിന് അറുതി വരുത്താന്‍ സഹായകമാണ് സുപ്രീം കോടതി വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മാറിമാറി വരുന്ന സര്‍ക്കാറുകളുടെ താത്പര്യാനുസാരം ഉദ്യോഗസ്ഥരെ മാറ്റുന്ന രീതി അവസാനിപ്പിച്ചു ഇക്കാര്യത്തില്‍ നീതിപൂര്‍വമായ നിലപാട് ഉറപ്പ് വരുത്തുന്നതിനാണ് സെന്‍കുമാറിന് പുനര്‍നിയമനം നല്‍കുന്നതെന്ന് സുപ്രീം കോടതി പ്രത്യേകം എടുത്തുപറഞ്ഞിട്ടുമുണ്ട്.

അതേസമയം ഔദ്യോഗിക മേഖലയില്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യം കടന്നുവരാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ പദവികളില്‍ നിയമിക്കപ്പെടുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. രാഷ്ട്രീയ നേതാക്കളോട് രക്ഷാകര്‍തൃത്വമോ അവരോട് ശത്രുതയോ പുലര്‍ത്താതെ സത്യസന്ധമായി പ്രവര്‍ത്തിക്കണം ഉദ്യോഗസ്ഥര്‍.