സൗമ്യ വധക്കേസ് ഹരജി ആറംഗ ബഞ്ച് പരിഗണിക്കും

തിരുത്തല്‍ ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ച
Posted on: April 25, 2017 1:48 pm | Last updated: April 25, 2017 at 8:40 pm

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതിയുടെ ആറംഗ ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പി സി പന്ത്, യു യു ലളിത് എന്നിവരും ബഞ്ചില്‍ അംഗങ്ങളായിരിക്കും. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ഹരജി പരിഗണിക്കും.

കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ മാതാവ് സുമതിയുമാണ് തിരുത്തല്‍ ഹരജി നല്‍കിയത്. സുപ്രീം കോടതി വിധിക്കെതിരെ നേരത്തെ നല്‍കിയ പുനഃപരിശോധനാ ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്‌ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനില്‍ക്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. കേസില്‍ വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ശരിവെക്കുകയായിരുന്നു. സൗമ്യയെ തള്ളിയിട്ടതിന് തെളിവില്ലെന്ന് കണ്ടെത്തിയാണ് വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്.

2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.