‘ഇമാന്‍ അഹമ്മദിന്റെ ഭാരം കുറഞ്ഞുവെന്നത് കള്ളം’

Posted on: April 25, 2017 10:30 am | Last updated: April 25, 2017 at 1:10 pm

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന ആശുപത്രിക്കെതിരെ ഇമാന്റെ സഹോദരി. ഇമാന്റെ ഭാരം കുറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ അവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാകുന്നില്ലെന്നുമുള്ള ആരോപണവുമായി സഹോദരി ഷെയ്മ സലീം രംഗത്തെത്തി. ഷെയ്മ പുറത്തുവിട്ടിട്ടുള്ള വീഡിയോയിലൂടെയാണ് ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ചിട്ടുള്ളത്.
ചികിത്സയെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നാണ് സഹോദരി പറയുന്നത്. ഇമാനെ ചികിത്സിച്ച ഡോക്ടറുമായി സംസാരിച്ചപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നാണ് അറിയിച്ചതെന്നും അവര്‍ പറയുന്നു.
ഇമാന്‍ ഇതുവരെ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ ഒന്നര മാസമായി ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരുന്നുകളുടെ ഉപയോഗം കൂടിയതിനെ തുടര്‍ന്ന് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിച്ചതായി ഷെയ്മ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു. അറബിയിലുള്ള വീഡിയോ ഇംഗ്ലീഷ് സബ് ടൈറ്റിലോടെയാണ് പുറത്തുവിട്ടത്.
അതേസമയം, ആരോപണങ്ങള്‍ ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ മുഫസ്സല്‍ ലെക്ഡാവാല നിഷേധിച്ചു. ഇമാന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ ശ്രമമാണിതെന്നും ആശുപത്രി അധികൃതര്‍ ആരോപിച്ചു.