കറുത്ത ഹെന്ന ഉപയോഗിച്ച സ്ത്രീയുടെ കൈ പൊള്ളി

Posted on: April 24, 2017 3:08 pm | Last updated: April 24, 2017 at 3:08 pm

ദുബൈ: ഹെന്ന തേച്ച യുവതിയുടെ കൈ പൊള്ളി. ഷാര്‍ജ സര്‍വകലാശാലയിലാണ് സംഭവം. പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുവന്ന ഹെന്നക്ക് പകരം കറുത്ത ഹെന്നയാണ് ഉപയോഗിച്ചതെന്ന് രൂപകല്‍പന ചെയ്ത സ്ത്രീ കുറ്റസമ്മതം നടത്തി.

ഹെന്ന തേച്ച് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കൈ വീര്‍ത്തുവന്നതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ പറഞ്ഞു. ഹൃദ്രോഗി ആയതിനാല്‍ ശ്വാസോച്ഛാസം അനിയന്ത്രിതമായതായും സ്ത്രീ പരാതിപ്പെട്ടു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്റി ഹിസ്റ്റമിന്‍ ഗുളിക കഴിച്ചപ്പോള്‍ സുഖം പ്രാപിച്ചതായും സ്ത്രീ അറിയിച്ചു.

നിലവാരം കുറഞ്ഞ ഹെന്ന ഉപയോഗിക്കുന്നത് അപകടം വരുത്തിവെക്കുമെന്ന് എമിറേറ്റ്‌സ് ഡെര്‍മറ്റോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. അന്‍വര്‍ അല്‍ ഹമ്മാദി പറഞ്ഞു. ഹെന്നയില്‍ പി പി ഡി എന്ന രാസവസ്തു കലര്‍ത്തുന്നത് പ്രശ്‌നമാണ്. ഹെന്ന കറുപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
ദീര്‍ഘനേരം നിലനില്‍ക്കാനാണ് കറുത്ത ഹെന്ന ഉപയോഗിക്കുന്നത്. കറുത്ത ഹെന്ന നിര്‍ബന്ധമാണെങ്കില്‍ ആദ്യം പരീക്ഷണാര്‍ഥം ചെറിയ ഭാഗത്ത് തേച്ച് നോക്കണമെന്നും അല്‍ ഹമ്മാദി പറഞ്ഞു. ചില ആളുകളില്‍ കണ്ണ് ചുവക്കുന്നതിനും വീര്‍ത്ത് വരുന്നതിനും ഹെന്ന ഇടയാക്കിയിട്ടുണ്ടെന്നും ഹമ്മാദി അറിയിച്ചു.
ചൈനയില്‍ നിന്നുള്ള കറുത്ത ഹെന്ന നിരോധിച്ചതാണെന്ന് ഷാര്‍ജ നഗരസഭ വ്യക്തമാക്കി.