Kerala
ഡി പി ഐയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയ യൂത്ത് ലീഗുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിന് സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത ഡി പി ഐയിലെ മുന്‍ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. യു ഡി എഫ് ഭരണകാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിയമിച്ച തിരൂര്‍ ചമ്രവട്ടത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഒളിയത്ത് ഹൗസില്‍ മുഹമ്മദ് മുസ്തഫ (32)യെയാണ് മ്യൂസിയം സി ഐ. ജെ കെ ദിനിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
യു ഡി എഫ് ഭരണത്തില്‍ ഐ ടി അറ്റ് സ്‌കൂള്‍ വഴി എത്തിയ മുഹമ്മദ് മുസ്തഫയെ പി കെ അബ്ദുര്‍റബ്ബ് ഡി പി ഐയിലെ നിര്‍ണായക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉച്ചക്കഞ്ഞി ഫണ്ട് പ്രൊജക്ട് സെക്ഷനില്‍ നിയമിക്കുകയായിരുന്നു. സംസ്ഥാനത്തെ 13000 പൊതുവിദ്യാലയങ്ങള്‍ക്കുള്ള ഉച്ചക്കഞ്ഞി വിതരണ തുക അതത് ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് ഇവിടെ നിന്നായിരുന്നു. സ്‌കൂളുകളുടെ അക്കൗണ്ടില്‍ ഉച്ചക്കഞ്ഞി വിതരണത്തിന് ആവശ്യത്തിന് തുക ഉള്ള സ്‌കൂളുകള്‍ക്ക് വിതരണം നല്‍കേണ്ടതില്ല. ഇത്തരം സ്‌കൂളുകള്‍ക്ക് തുക നല്‍കിയതായി കാണിച്ച് പണം സ്വന്തം അക്കാൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഒരു മാസം മുമ്പ് ഇയാളെ ഡി പി ഐ ഓഫീസിലെ ജോലിയില്‍നിന്ന് മാറ്റിയിരുന്നു.
പകരം ചുമതലയേറ്റ ജീവനക്കാരന്‍ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ അഴിമതി തെളിഞ്ഞത്. തട്ടിപ്പിന് ഉന്നതരുടെ സഹായം ലഭിച്ചിരുന്നുവോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. വകുപ്പ് തല അന്വേഷണത്തിനും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് ഉത്തരവിട്ടിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് കൊടിയ കൊള്ള നടന്ന വകുപ്പാണ് പൊതുവിദ്യാഭ്യാസം, യൂണിഫോം, പാഠപുസ്തകം എന്നിവയില്‍ നടത്തിയ അഴിമതി നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്.