Connect with us

Articles

കുരിശിന്റെ വഴികള്‍

Published

|

Last Updated

ഞാനിതെഴുതാനിരിക്കുമ്പോള്‍, മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജെ സി ബി ഉപയോഗിച്ച്, തികഞ്ഞ പ്രകടനപരതയോടെ പൊളിച്ചു നീക്കിയ കോണ്‍ക്രീറ്റ് കുരിശിനു പകരം മരക്കുരിശാണത്രേ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഓഫ് ജീസസ് എന്ന കരിസ്മാറ്റിക് സംഘടനയാണ് ആയിരക്കണക്കിന് സര്‍ക്കാര്‍ സ്ഥലം കൈയേറി അതിന് മറയായി കുരിശ് സ്ഥാപിച്ചത്. എന്നാല്‍, നീക്കിയ സ്ഥലത്ത് കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്ന്് അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അപ്പോള്‍ പിന്നെ അതാരായിരിക്കും? സോഷ്യല്‍ മീഡിയയിലെ മിന്നും താരം കിരണ്‍ തോമസ് പറയുന്നതു പോലെ ബ്രേക്കിംഗ് ന്യൂസുകാര്‍ ആയിരിക്കുമോ? ഏതായാലും; ഇടതുഭരണം, മൂന്നാറിലെ പരിസ്ഥിതി ലോല പ്രദേശത്ത് നിന്നുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍, ആരാണ് കൂടുതല്‍ ഇടത് എന്നു തുടങ്ങിയുള്ള വിഷയങ്ങളില്‍ ഭരണകക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, യുവ ഐ എ എസ് ആപ്പീസറുടെ ഹീറോയിസങ്ങള്‍, ജെ സി ബി ഉപയോഗിച്ചുള്ള കുരിശ് പിഴുതുമാറ്റല്‍, അതിന്റെ തുടര്‍ച്ചയായ ടി വി സംപ്രേഷണങ്ങള്‍, നിര്‍ത്താത്ത ചര്‍ച്ചകളും മാധ്യമ വിചാരണകളും, മുഖ്യമന്ത്രിയുടെ തള്ളിപ്പറച്ചില്‍, മുഖ്യമന്ത്രി എന്തിനു കൊള്ളാം എന്ന മട്ടിലുള്ള ആവലാതികള്‍, കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇങ്ങനെയാണോ മതാധികാരത്തെയും പൗരോഹിത്യത്തെയും മതത്തിന്റെ പേരിലുള്ള കൈയേറ്റത്തെയും നേരിടേണ്ടത് എന്ന കോണ്‍ഗ്രസ് എം എല്‍ എയില്‍ തുടങ്ങി യുക്തിവാദികളും അമാനവരും നക്‌സലൈറ്റുകള്‍ വരെയുള്ളവരുടെ പരിഹാസത്തില്‍ കുളിച്ച വിമര്‍ശങ്ങള്‍, എല്‍ ഡി എഫ് ചര്‍ച്ചകള്‍, സര്‍ക്കാര്‍ തീരുമാനങ്ങള്‍, വീണ്ടും കുരിശ് നാട്ടല്‍ എന്നിങ്ങനെ നാട്ടുകാരെ വികാരവിക്ഷുബ്ധരാക്കുന്ന ഒരു സുരേഷ് ഗോപി സിനിമയായി കേരളം അധഃപതിച്ചിരിക്കുന്നുവോ?

കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്താണ് ഇതിനു മുമ്പ് മൂന്നാര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്. വി എസ്സായിരുന്നു മുഖ്യമന്ത്രി. സുരേഷ് കുമാര്‍, ഋഷിരാജ് സിംഗ്, രാജു നാരായണ സ്വാമി എന്നീ മൂന്ന് ഐ എ എസ്/ഐ പി എസ് ഉദ്യോഗസ്ഥന്മാര്‍ നാടകീയവും പ്രകടനാത്മകവുമായ രീതിയില്‍ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി ആകെ തിരിച്ചു പിടിക്കുന്നു എന്ന പ്രതീതിയായിരുന്നു സൃഷ്ടിക്കപ്പെട്ടത്. ടാറ്റയുടെയോ കണ്ണന്‍ ദേവന്‍ കമ്പനിയുടെയോ അതോ തൊഴിലാളികള്‍ക്കു കൂടി മാനേജ്‌മെന്റില്‍ അവകാശമുള്ളതെന്ന് പറയപ്പെടുന്ന ഒരു കമ്പനിയുടെയോ ഉടമസ്ഥതയിലുള്ളത് എന്നു കരുതപ്പെടുന്ന പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് മൂന്നാറിലുള്ളത് എന്നാണ് അക്കാലത്തെയും ഇപ്പോഴത്തെയും പത്രവാര്‍ത്തകള്‍ പ്രകാരം മനസ്സിലാകുന്നത്. ഭൂമി ഉടമസ്ഥത സംബന്ധിച്ച നൂലാമാലകള്‍ എമ്പാടും നിലനില്‍ക്കെ തന്നെ, ടാറ്റയുടെയോ അവര്‍ക്ക് നിയന്ത്രണമുള്ള കമ്പനികളുടെയോ പേരിലുള്ളതും അല്ലാത്തതുമായ സ്ഥലങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അതനുസരിച്ച് അവര്‍ക്കുള്ളത് അവര്‍ക്ക് കൊടുക്കുകയും അല്ലാത്തത് സര്‍ക്കാര്‍ തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രക്രിയ അന്ന് പൂര്‍ത്തീകരിക്കാനായില്ല.

ടാറ്റക്കമ്പനിയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി കൈയേറ്റങ്ങള്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും നിരന്തരം നടക്കുന്നുണ്ടെന്ന് പകല്‍ പോലെ വ്യക്തവുമാണ്. എന്നാല്‍, പ്രകടനാത്മകമായ വിധത്തിലും മറ്റ് രാഷ്ട്രീയ അജന്‍ഡകള്‍ ഒളിപ്പിച്ചും തെളിപ്പിച്ചും അടക്കം ചെയ്തും പ്രയോഗിക്കപ്പെടുന്ന ഭൂമി വീണ്ടെടുക്കല്‍ നാടകങ്ങളാണ് അന്നെന്ന പോലെ ഇപ്പോഴും നടക്കുന്നതെന്നതാണ് ഒരര്‍ഥത്തില്‍ തമാശക്ക് കാരണമാകുന്നത്. മറ്റൊരര്‍ഥത്തില്‍ സര്‍ക്കാറിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ക്ക് ഹാനികരമായ വിധത്തില്‍ വിഷയങ്ങളെ സങ്കീര്‍ണമാക്കുന്ന ശ്രമങ്ങളും നടക്കുന്നു.
ത്രിമൂര്‍ത്തികളായ ഉദ്യോഗസ്ഥപ്പുലികള്‍/പൂച്ചകള്‍, ഓവര്‍ക്കോട്ടിട്ടു കൊണ്ട്, പാര്‍ട്ടി ആപ്പീസുകളും റിസോര്‍ട്ടുകളും ഇടിച്ചു നിരത്തി മുന്നേറുന്നതിനിടയിലാണ്, കൈയേറ്റക്കാര്‍ക്കു വേണ്ടി സംസാരിക്കുന്നവരെന്ന് ആരോപിക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയക്കാരുടെയും അതിന്റെ ഭാഗമായും അല്ലാതെയും ഭരണകക്ഷിക്കുള്ളിലെ വിഭാഗീയതയെ വളര്‍ത്തിയെടുക്കുന്നതോ ശമിപ്പിക്കുന്നതോ ആയ വിധത്തില്‍ ഇടപെടുന്ന സംസ്ഥാന നേതൃത്വത്തിന്റെയും സര്‍വോപരി കോടതിയുടെയും ഇടപെടലിനെ തുടര്‍ന്ന് മുന്‍കാലത്തെ ഒഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ടത്. മാസങ്ങള്‍ നീണ്ടു നിന്ന ന്യൂസ് അവര്‍ ചര്‍ച്ചകളും ലേഖനങ്ങളും പ്രസ്താവനകളും ഇതിന്റെ പേരില്‍ കേരളത്തില്‍ നിറഞ്ഞു കവിഞ്ഞു. അവസാനം ജനമനസ്സില്‍ ഉറച്ചു നില്‍ക്കുന്ന ധാരണ, സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയ കള്ളന്മാരെ ഇടിച്ചു നിരത്തിയും അടിച്ചു പൊളിച്ചും പിടികൂടാന്‍ ശ്രമിച്ച മുഖ്യമന്ത്രി വി എസിനെ അദ്ദേഹത്തിന്റെ എതിരാളികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ ചേര്‍ന്ന് പരാജയപ്പെടുത്തി എന്ന മട്ടിലായിരുന്നു. സങ്കീര്‍ണതകളോ നിയമത്തിന്റെ നൂലാമാലകളോ ആരും പരതിയില്ല, അന്വേഷിച്ചില്ല. റിസോര്‍ട്ടുകള്‍ പൊളിച്ചതിനെതിരെ അതിന്റെ ഉടമസ്ഥര്‍ ഹൈക്കോടതിയെ സമീപിക്കുകയും അത് പൊളിച്ചവര്‍ തിരിച്ച് കെട്ടിക്കൊടുക്കുകയോ നഷ്ടപരിഹാരം കൊടുക്കുകയോ വേണമെന്ന രീതിയിലുള്ള എന്തൊക്കെയോ കോടതി വിധികള്‍ വന്നതായും പിന്നീട് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെയൊന്നും ശരി തെറ്റുകളും ന്യായാന്യായങ്ങളും ആരും ചര്‍ച്ച ചെയ്തില്ല എന്നു മാത്രമല്ല, ഇടിച്ചു നിരത്താന്‍ മുന്നിട്ടിറങ്ങിയവരും അത് കണ്ട് കൈയടിച്ചവരും അത്തരം വിധികളെല്ലാം കണ്ടില്ലെന്നു നടിക്കുകയും തമസ്‌കരിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ഇപ്പോഴത്തേതു പോലെ കൂടുതല്‍ സംഭ്രമജനകമായ കാര്യങ്ങളിലേക്ക് സംഭവങ്ങള്‍ വളര്‍ന്നിരിക്കുന്നത്. അന്നത്തെ പ്രശ്‌നങ്ങളുടെയും അതിനോടുള്ള സമീപനങ്ങളുടെയും ആവര്‍ത്തനഛായകള്‍ ഇക്കുറിയുമുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഒന്നാമതായി പരിശോധിക്കേണ്ടത്, അന്ന് കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ നിയമപരമായ യുക്തിയും സാംഗത്യവും അസാംഗത്യവും എന്തായിരുന്നു എന്നതാണ്. സര്‍ക്കാറിന്റെ ഉടമസ്ഥതിയിലിരിക്കേണ്ട ഒരു സ്ഥലം അനധികൃതമായി ഒരു സ്വകാര്യ വ്യക്തി അഥവാ സ്ഥാപനം കൈവശപ്പെടുത്തുകയും അവിടെ ഒരു കെട്ടിടം കെട്ടിയുണ്ടാക്കുകയും ചെയ്തതിനു ശേഷം, പെട്ടെന്നൊരു നാള്‍ അത് കണ്ടെത്തി സ്ഥലം തിരിച്ചെടുക്കുമ്പോള്‍ ആ കെട്ടിടം ആദ്യമേ തന്നെ പൊളിക്കുന്നതെന്തിന് എന്ന ലളിതമായ ചോദ്യം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ച ഉടനെ, ചോദ്യകര്‍ത്താവ്; ടാറ്റയുടെ കൂലിയെഴുത്തുകാരന്‍, ന്യായീകരണ ത്തൊഴിലാളി, കൈയേറ്റക്കാരന്‍, സാമൂഹ്യദ്രോഹി, പിണറായി ഭക്തന്‍ എന്നിങ്ങനെയുള്ള പല വിളിപ്പേരുകളാല്‍ വിളിക്കപ്പെടാന്‍ സാധ്യതയുണ്ട്.

അപ്രകാരമായിക്കൊള്ളട്ടെ. പക്ഷേ, അതുകൊണ്ട് ചോദ്യം അസാധുവാകുന്നില്ല. ആ ലളിതമായ ചോദ്യത്തിനുള്ളിലെ സങ്കീര്‍ണമായ പിരിവുകള്‍ ഇപ്രകാരമാണ്. സര്‍ക്കാര്‍ സ്ഥലം അനധികൃതമായി കൈയേറി നിയമവിരുദ്ധമായി കെട്ടിയുണ്ടാക്കിയ കെട്ടിടം പൊളിക്കുന്നതിന്, കാരണമായി, മന്ത്രിമാരും ഐ എ എസ്/ ഐ പിഎസ്/റവന്യൂ ഉദ്യോഗസ്ഥന്മാരും അവരെ പിന്‍പറ്റി മാധ്യമങ്ങളും പറയുന്ന ന്യായം ഇതാണ്. കെട്ടിടം പൊളിച്ചില്ലെങ്കില്‍, കോടതിയിലൂടെ നീണ്ടു നില്‍ക്കുന്ന വ്യവഹാരങ്ങള്‍ക്കു ശേഷം സ്ഥലം ഈ അനധികൃത കൈയേറ്റക്കാരന്‍ തിരിച്ചെടുക്കുകയും സര്‍ക്കാറിനെ നോക്കുകുത്തിയാക്കി ആ കെട്ടിടം പ്രയോജനപ്പെടുത്തുകയും ചെയ്യാനിടയുണ്ട്. അതൊഴിവാക്കാനാണ് അത് പൊളിച്ചു നിരത്തുന്നത്. കൃത്യവും ഏറെക്കൂറെ വസ്തുതാപരവും യാഥാര്‍ഥ്യപൂര്‍ണവുമായ ന്യായം തന്നെയാണിത്. എന്നാല്‍ ആ ന്യായത്തിന്റെ ഉള്‍പ്പിരിവുകള്‍ കൂടി നാം പരിശോധിക്കാന്‍ ബാധ്യസ്ഥരാണ്. കോടതികള്‍, പണക്കൊഴുപ്പിലൂടെ ഹാജരാകുന്ന വക്കീലന്മാരുടെ വിചിത്രമായ വാദങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിനെതിരെ വിധിക്കാനുള്ള സകല സാധ്യതകളും നിലനില്‍ക്കുന്ന ഒരിടവും വ്യവസ്ഥയും മാത്രമാണ് എന്നാണിവിടെ ഒന്നാമതായി സ്ഥാപിക്കപ്പെടുന്നത്. രണ്ടാമതായി, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ പോയിക്കഴിഞ്ഞാല്‍, പിന്നീട് കടന്നു വരുന്ന ഭരണക്കാരൊക്കെയും-രാഷ്ട്രീയ/ഉദ്യോഗസ്ഥ വൃന്ദങ്ങളപ്പാടെ- അഴിമതിക്ക് വശംവദരാകുന്നവരായിരിക്കും എന്നുമാണ്്. അതായത്, അടിപൊളി നടക്കുന്ന സമയത്ത് ഭരണത്തിലുള്ളവര്‍ മാത്രമാണ്-അതിനു മുമ്പും പിമ്പുമില്ല- സത്യസന്ധരും ജനങ്ങളോടും ഭരണഘടനയോടും സര്‍ക്കാറിന്റെ താത്പര്യങ്ങളോടും കൂറുള്ളവര്‍ എന്നുമാണ് സ്ഥാപിക്കപ്പെടുന്നത്.

എനിക്കു ശേഷം (മുമ്പും) പ്രളയം എന്നര്‍ഥം. സത്യത്തില്‍, പത്തോ നൂറോ ഏക്കര്‍ സ്ഥലം അതിലുള്ള കുറെ കെട്ടിടങ്ങള്‍ എന്നിവ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്ന നടപടിയുടെ പ്രകടനാത്മക ദൃശ്യപരതക്കപ്പുറം സര്‍ക്കാറിലും കോടതികളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടാലും വേണ്ടില്ല തങ്ങളുടെ ഹീറോയിസം താത്കാലികമായി വിജയിച്ചാല്‍ മതി എന്നല്ലാതെ എന്താണിവിടെ ബാക്കിയാകുന്നത്? രാഷ്ട്രത്തെ തന്നെ ഉടച്ചില്ലാതാക്കുന്ന നായകത്വങ്ങളും ഹീറോയിസങ്ങളും സ്വേഛാധിപത്യത്തെയും ഫാസിസത്തെയും വിളിച്ചുവരുത്തുമെന്നതുറപ്പ്.
സമാനമായ സംഭവങ്ങള്‍ തെന്നയാണ് ഇപ്പോഴും അരങ്ങേറുന്നത്. കേരളത്തിലെ ഇടതു ഭരണത്തിനെതിരായ കൊണ്ടുപിടിച്ച കലാപങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ആസൂത്രണം ചെയ്യപ്പെടുകയും രക്തരൂഷിതമായ വിധത്തില്‍ ഈ സര്‍ക്കാറിനെ നിലം പരിശാക്കുകയും ചെയ്യുക എന്ന ജനാധിപത്യവിരുദ്ധവും ചരിത്രവിരുദ്ധവുമായ അജന്‍ഡ നടപ്പിലാക്കുന്നതിനാവശ്യമായ മഴവില്‍ മായാ മുന്നണി രൂപവത്കരണത്തിന്റെ പശ്ചാത്തലമാണ് ഈ കുരിശാരോഹണവും പൊളിയും തിരിച്ചു സ്ഥാപിക്കലും എല്ലാം എന്നതാണ് വാസ്തവം. സ്വാശ്രയ കോളജുകാരുടെ അതിക്രൂരവും നിഷ്ഠൂരവുമായ മനുഷ്യത്വവിരുദ്ധതയുടെ ഇരയായി കൊല്ലപ്പെട്ട ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് കാരണക്കാരന്‍ എന്ന വിധത്തില്‍ ചര്‍ച്ചകളും ആരോപണങ്ങളും നിറഞ്ഞു നിന്നു. ഈ ബഹളത്തിനിടയില്‍, പ്രശ്‌നം ഏറെക്കുറെ രമ്യമായി പരിഹരിക്കപ്പെട്ടു. അതിനു പിന്നാലെയും മറ്റ് അനവധി സംഭവങ്ങളുണ്ടായി. ഏതാണ് കത്തുക ഏതാണ് കത്തിക്കുക എന്നറിയാത്ത വിധത്തില്‍ നിരവധി സംഭവങ്ങള്‍. എല്ലാം സര്‍ക്കാറിനെതിരായി തിരിച്ചുവിടാന്‍ പാകത്തില്‍ വ്യാഖ്യാനിച്ച് വഷളാക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ തന്നെ തയ്യാറായി നില്‍ക്കുന്നു. അത്യാഹിതങ്ങളും വിപത്തുകളും നടക്കുന്നിടത്ത് ഓടിക്കൂടി അവിടെ ഇളിച്ചു നിന്ന് സെല്‍ഫിയെടുക്കുന്ന, ഡിസാസ്റ്റര്‍ ടൂറിസ്റ്റുകളായി മുഴുവന്‍ മലയാളികളെയും മാറ്റിയെടുക്കുക എന്ന പൊതുബോധ തന്ത്രമാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്.
പോലീസിന്റെ അമിതാധികാര വാഴ്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വേണ്ട തിരുത്തല്‍ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതനുസരിച്ച് ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം റജിസ്റ്റര്‍ ചെയ്ത ഇരുപത്തിയാറ് യു എ പി എ കേസുകളില്‍ ഇരുപത്തിയഞ്ചും നിലനില്‍ക്കുതന്നല്ലെന്ന് അതേ പോലീസ് മേധാവിയെക്കൊണ്ടു തന്നെ പരിശോധിപ്പിച്ച് ഉറപ്പു വരുത്തി റിപ്പോര്‍ട്ടുണ്ടാക്കിയത് ഒരു ദിവസം മുമ്പ് മാത്രമാണ്. അതായത്, ഏതു പോലീസാണോ ജനങ്ങള്‍ക്കെതിരായി അനാവശ്യമായി മര്‍ദനാധികാരം പ്രയോഗിച്ചത് അതേ പോലീസിനെക്കൊണ്ടു തന്നെ തിരുത്തല്‍ നടപടികളെടുപ്പിച്ചു എന്നതിന്റെ അര്‍ഥം, പോലീസ് നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു എന്നു തെന്നയാണ്. എന്നാാല്‍ അത് അംഗീകരിക്കാനോ അത് വ്യാഖ്യാനിക്കാനോ ഒറ്റ ന്യൂസ് അവറുകാരനും എഡിറ്റ് പേജെഴുത്തുകാരനും തയ്യാറല്ല.
ഇപ്പോള്‍ സംഭവിച്ചതെന്താണ്? മതവിശ്വാസം വിറ്റു കാശാക്കുന്ന, ഏതോ മോഷ്ടാക്കളായ സംഘടനക്കാര്‍, സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച കുരിശാണ് നീക്കം ചെയ്തിരിക്കുന്നത് എന്നാണറിയുന്നത്. പക്ഷേ, ഇടതു സര്‍ക്കാര്‍ കുരിശ് ബലം പ്രയോഗിച്ച് നീക്കുന്നു എന്നതിന്റെ പ്രകടനാത്മക ദൃശ്യപരത, സര്‍ക്കാറിനെതിരെ വിശ്വാസി സമൂഹത്തെ അണിനിരത്തുന്നതിനുള്ള കുടില പദ്ധതി തെന്നയാണ്. അത് നടന്നു കഴിഞ്ഞിരിക്കുന്നു. എന്‍ഫീല്‍ഡ് ബുള്ളറ്റിനില്‍ ഇടക്കിടെ ബെംഗളൂരുവിലേക്ക് പോകുന്ന തരം ഹീറോയിസങ്ങളുള്ള ആളെന്ന് വാരാന്തപ്പതിപ്പുകളില്‍ വെച്ചുകാച്ചപ്പെടുന്ന തരത്തില്‍ പോരാളിയുമായ ഒരു യുവ ഐ എ എസ്സുകാരനാണ് ഈ കുരിശ് ജെ സി ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയിരിക്കുന്നത്. ഇതു കണ്ടപ്പോള്‍, ഞാന്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് നഗരത്തില്‍ ഇതു പോലുള്ള ഒരു യുവ ഐ എ എസ് ഉദ്യോഗസ്ഥന്‍ റോഡിന്റെ ഇരുവശത്തുമുള്ള കെട്ടിടങ്ങളുടെ മുന്‍ ഭാഗങ്ങളിടിച്ചു നിരത്തി മുന്നേറിയ സംഭവമാണ് പെട്ടെന്ന് ഓര്‍മ വന്നത്. തുടര്‍ നടപടികളെക്കുറിച്ച് ഒരു കൃത്യതയുമില്ലാതെ ഇങ്ങനെ പൊളിച്ചടുക്കുന്നത് അങ്ങേയറ്റത്തെ വിഡ്ഢിത്തവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിച്ച എനിക്ക് നേരെ വധഭീഷണി അടക്കമുള്ള നിഷ്ഠൂരമായ വെല്ലുവിളികളാണ് ഉയര്‍ന്നു വന്നത്. ഇപ്പോള്‍ മാസങ്ങള്‍ പലതു കഴിഞ്ഞു പോയിട്ടും ഒരു ചുക്കും നടന്നില്ല. തിരഞ്ഞെടുപ്പുകള്‍ വരെ വന്നിട്ടും ആരും ഒന്നും ശ്രദ്ധിക്കുന്നില്ല.

ദേശീയ പാതയുടെ ഇരു ഓരങ്ങളില്‍ കൂടി നടക്കാന്‍ പോലുമാകാത്ത വിധത്തില്‍ കല്ലും കട്ടയും (ഭൂതരായറില്‍ പറഞ്ഞതു പോലെ കല്ല് കരട് കാഞ്ഞിരക്കുറ്റി മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ്) നിറഞ്ഞു കിടക്കുന്നു. അതു പോട്ടെ, ഇവിടെ വര്‍ഗീയ ധ്വംസനങ്ങളോ മതവികാരവ്രണങ്ങളോ സംഭവിച്ചില്ലല്ലോ. അത്രയും സമാധാനം. എന്നാല്‍, മൂന്നാറിലതല്ല സ്ഥിതി. ദൈവവിശ്വാസികളല്ല എന്ന് പൊതുവെ അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ ബലം പ്രയോഗിച്ച് ജെ സി ബി ഉപയോഗിച്ച് കുരിശ് നീക്കം ചെയ്യുന്നതിന്റെ ചലന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നത് എന്തിനു വേണ്ടിയാണ്? അതീവ രഹസ്യമായി ആസൂത്രണം ചെയ്യപ്പെട്ടതെന്ന് അവകാശപ്പെട്ടിരിക്കുന്ന കുരിശ് പൊളി, മാധ്യമങ്ങളെ അറിയിച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത് എന്നതു തന്നെ അതിനു പിന്നിലുള്ള ദുഷ്ടലാക്കിനെ വെളിപ്പെടുത്തുന്നു. ഈ ദുഷ്ടലാക്ക് പെട്ടെന്നു തന്നെ മനസ്സിലാക്കിയതു കൊണ്ടാണ്, കുരിശ് പൊളിച്ച് വിശ്വാസി സമൂഹത്തെ സംഭ്രമിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ല എന്ന മട്ടിലുള്ള ഗംഭീര പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്. ഉടനെ, വിശ്വാസികള്‍ക്കില്ലാത്ത വികാരവുമായി കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അധഃപതിച്ചിരിക്കുന്നു എന്ന വലതുപക്ഷ വ്യാഖ്യാനങ്ങള്‍ പ്രചരിച്ചു തുടങ്ങി. ഒരു മാധ്യമവത്കൃത പൊതു സമൂഹത്തില്‍, മാധ്യമങ്ങളേക്കാള്‍ വേഗത്തില്‍ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ക്കേ നിലനില്‍പ്പുള്ളൂ. അത്തരം ഒരാളാണ് താന്‍ എന്ന് തെളിയിച്ചതിലൂടെ മഴവില്‍ മായാ മുന്നണിയുടെ അജന്‍ഡകളെ താത്കാലികമായെങ്കിലും അട്ടിമറിച്ച സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങള്‍.

Latest