ദോഹ മെട്രോ: മേഖലയിലെ വേഗതയേറിയ ഡ്രൈവറില്ലാ ട്രെയിന്‍

Posted on: April 23, 2017 10:03 pm | Last updated: April 23, 2017 at 10:03 pm

ദോഹ: മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മേഖലയിലെ ഏറ്റവും വേഗതയേറിയ ഡ്രൈവറില്ലാത്ത ട്രെയിനായിരിക്കും ദോഹ മെട്രോ എന്ന് ഖത്വര്‍ റയില്‍ അധികൃതര്‍ വിശദീകരിച്ചു. ദോഹ മെട്രോ, ലുസൈല്‍ ട്രാം റയില്‍ പദ്ധതികള്‍ സന്ദര്‍ശിച്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കു നല്‍കിയ വിവരണത്തിലാണ് അധികൃതര്‍ ദോഹ മെട്രോയുടെ സവിശേഷതകള്‍ വ്യക്തമാക്കിയത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് രണ്ടു പദ്ധതികളും പൂര്‍ത്തിയാക്കുന്നത്. ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും ഉള്ളിലെയും പുറത്തെയും നവീനമായ രൂപകല്പന, സുരക്ഷാ സംവിധാനങ്ങള്‍, സേവനങ്ങള്‍ എന്നിവയെല്ലാം ഖത്വര്‍ റയില്‍ അധികൃതര്‍ അമീറിനു വിശദീരിച്ചു കൊടുത്തു. ഖത്വറിന്റെ സാംസ്‌കാരിക പൈതൃതൃകങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ചാണ് രൂപകല്പനകള്‍ നടത്തിയിരിക്കുന്നത്.
മൂന്നു ബോഗികളുള്ള 75 ട്രെയിനുകളാണ് ദോഹ മെട്രോക്കു വേണ്ടി തയാറാക്കുന്നത്. ഒരു ബോഗി ഗോള്‍ഡ് ആന്‍ഡ് ഫാമിലി ക്ലാസ് ആയും രണ്ടു ബോഗിള്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് ആയുമാണ് സജ്ജമാക്കുക. ഗോള്‍ഡ് ക്ലാസില്‍ 16 സീറ്റുകളും ഫാമിലികള്‍ക്കായി 26 സീറ്റുകളും നീക്കി വെക്കും.
സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 88 സീറ്റുകളാണുണ്ടാകുക. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് ലുസൈല്‍ ട്രാം സര്‍വീസ് നടത്തുക. അഞ്ച് ക്യാരേജുകളുള്ള 28 ട്രെയിനുകളാണ് ഒരുക്കുന്നത്. ഫാമിലികള്‍ക്കുള്ള ക്യാരേജില്‍ 24 സീറ്റുകളുണ്ടാകും.
ജനറല്‍ വിഭാഗത്തില്‍ 64 സീറ്റുകളും സജ്ജമാക്കും. വീല്‍ചെയര്‍ യാത്രക്കാര്‍ക്കുള്ള സൗകര്യം ട്രാമില്‍ ഉണ്ടാകും.

യാത്ര ആസ്വാദ്യകരമാക്കുന്നതിനുള്ള വിനോദ ഉപാധികളും ട്രാമിലും മെട്രോയിലും ഉണ്ടാകും. മെട്രോ ട്രെയിനില്‍ വൈ ഫൈ ലഭ്യമാക്കുന്നതിന് ഉരീദുവുമായി ധാരണയിലെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് ലഗേജ് കൊണ്ടു പോകുന്നതിനുള്ള സൗകര്യവും മെട്രോയില്‍ ഉണ്ടാകും.
യാത്രക്കാര്‍ക്ക് അടുത്ത സ്റ്റേഷനുകള്‍ അറിയിക്കുന്നതിനുള്ള സ്‌ക്രീനുകള്‍ ട്രെയിനിലുണ്ടാകും. 2020ലാണ് ദോഹ മെട്രോയുടെ ആദ്യഘട്ട പൂര്‍ത്തീകരണം ലക്ഷ്യം വെക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നഗരത്തില്‍ 37 മെട്രോ സ്റ്റേഷനുകളാണുണ്ടാകുക. രണ്ടു സ്റ്റേഷനുകള്‍ക്കിടയിലെ യാത്രാ സമയം രണ്ടു മിനുട്ടായിരിക്കും.