ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതിയില്ലെങ്കില്‍ നടപടിയെന്ന് മെഡിക്കല്‍ കൗണ്‍സില്‍

Posted on: April 22, 2017 7:32 pm | Last updated: April 23, 2017 at 12:04 am

ന്യൂഡല്‍ഹി: ജനറിക് മരുന്നുകള്‍ കുറിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഡോക്ടര്‍മാര്‍ ജനറിക് മെഡിസിന്‍ കുറിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കര്‍ശന നിര്‍ദേശവുമായി മെഡിക്കല്‍ കൗണ്‍സില്‍ എത്തിയത്. മരുന്നുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ വ്യക്തമായി കുറിക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ പ്രത്യേക സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

മരുന്നുകള്‍ കുറിക്കുന്നതുമായി ബന്ധപ്പെട്ട് 2002ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റെഗുലേഷന്‍സ് നിയമത്തില്‍, 2016ല്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമത്തിലെ 1.5 ചട്ടത്തിലാണ് മാറ്റം വരുത്തിയത്. ഇത് ഡോക്ടര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. മെഡിക്കല്‍ കോളജ് ഡീനുമാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ആശുപത്രി ഡയറക്ടര്‍മാര്‍ക്കും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്കുമാണ് എംസിഐ സര്‍ക്കുലര്‍ നല്‍കിയത്.

ALSO READ  'ക്രിമിനലുകളോടെന്ന പോലെ' ; ഗ്രേറ്റര്‍ മുംബൈ കോര്‍പറേഷന്റെ ചട്ടങ്ങളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍