ബ്രക്‌സിറ്റ്: ബ്രിട്ടണ്‍ നിര്‍മിത കാറുകള്‍ക്ക് ഇന്ത്യയില്‍ ഒരു കോടി രൂപ വരെ വിലകുറഞ്ഞു

റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് ഒരു കോടി രൂപ വരെയാണ് കുറഞ്ഞത്.
Posted on: April 22, 2017 4:58 pm | Last updated: April 22, 2017 at 4:58 pm

മുംബൈ/ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കാനുള്ള ബ്രിട്ടന്റെ തീരുമാനം ഇന്ത്യയില്‍ ആഡംബര കാര്‍ വിപണിക്ക് പുത്തന്‍ ഉണര്‍വ് പകരുന്നു. ബ്രക്‌സിറ്റ് തീരുമാനത്തെ തുടര്‍ന്ന് രൂപക്കെതിരെ ബ്രിട്ടീഷ് പൗണ്ടിന്റ മൂല്യം ഇടിഞ്ഞതോടെ ബ്രിട്ടീഷ് കമ്പനികളായ റോള്‍സ് റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റൈഞ്ച് റോവര്‍, ഫെരാരി തുടങ്ങിയ കമ്പനികളുടെ ആഡംബര കാറുകള്‍ക്ക് 20 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വില കുറഞ്ഞു.

ബ്രിട്ടീഷ് പൗണ്ടിന് രൂപയുമായുള്ള വിനിയമയത്തില്‍ 20 ശതമാനം കുറവാണ് ഉണ്ടായത്. ഒന്നര വര്‍ഷം മുമ്പ് ഒരു ബ്രിട്ടീഷ് പൗണ്ടിന് 108 രൂപയായിരുന്നത് 81 രൂപയായി കുറഞ്ഞു. ഇതോടെയാണ് ബ്രിട്ടണില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് വന്‍ വിലക്കുറവിന് കളമൊരുങ്ങിയത്.

റെയ്ഞ്ച് റോവര്‍ല്‍ സ്‌പോര്‍ട്ട് മോഡലിന് നേരത്തെ 1.35 കോടി രൂപ ഉണ്ടായിരുന്നത് 1.04 കോടി രൂപയായി കുറഞ്ഞു. റെയ്ഞ്ച് റോവറിന്റെ വോഗ്യൂ മോഡലിന് 1.97 കോടി ഉണ്ടായിരുന്നത് 1.56 രൂപയായി. ഫെരാരിയുടെ 488 മോഡലിന് 3.9 കോടിയില്‍ നിന്ന് 3.6 കോടിയായാണ് കുറഞ്ഞത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 11ന് 4.27 കോടി ഉണ്ടായിരുന്നത് 4.06 കോടിയായി കുറഞ്ഞു.

റോള്‍സ് റോയ്‌സ് കാറുകള്‍ക്ക് ഒരു കോടി രൂപ വരെയാണ് കുറഞ്ഞത്. റോള്‍സ് റോയ്‌സ് ഫാന്റം മോഡലിന് ഒന്‍പത് കോടി രൂപയില്‍ നിന്ന് 7.8 കോടിയിലേക്ക് വില കുറഞ്ഞു. ഗോസ്റ്റ് മോഡലിന് 5.25 കോടി ഉണ്ടായിരുന്നത് 4.75 കോടിയായാണ് കുറഞ്ഞത്.