മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍; ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ശാസന

Posted on: April 20, 2017 9:10 pm | Last updated: April 21, 2017 at 10:42 am

മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ ജില്ലാഭരണകൂടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. സര്‍ക്കാര്‍ ഭൂമിയെന്നുറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പിന്റെ നടപടി തുടങ്ങിയിരുന്നു. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയേറി സ്ഥാപിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുനീക്കിയത് ചര്‍ച്ചാവിഷയമായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു നടപടികള്‍.

കയ്യേറ്റഭൂമിയിലേക്ക് പുറപ്പെട്ട ദൗത്യസംഘത്തെ വിശ്വാസികളില്‍ ചിലര്‍ ആദ്യം തടഞ്ഞു. പിന്നീട് ഇടുങ്ങിയ വഴിയില്‍ കാറിട്ടും റോഡ് കുത്തിപ്പൊളിച്ചു വഴിമുടക്കി. മൂന്ന് മണിക്കൂറിന് ശേഷമാണ് തടസങ്ങള്‍ മറികടന് റവന്യൂ സംഘം സ്ഥലതെത്തിയത്. ദുര്‍ഘട യാത്രക്ക് ഒടുവില്‍ മുകളിലെത്തിയ സംഘം ജെ സി ബി ഉപയോഗിച്ച് കുരിശ് പിഴുത് മാറ്റി. സമീപത്തെ ഷെഡുകള്‍ തീവച്ച് നശിപ്പിച്ചു. ദേവാലയത്തിനായി നിര്‍മ്മിച്ച കെട്ടിടവും തകര്‍ത്തു. 2282 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന കുരിശും താത്കാലിക ഷെഡും സ്ഥാപിച്ചത്. ഒരു മാസം മുമ്പ് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 100 ലേറെ പൊലീസുകാരും അത്ര തന്നെ റവന്യൂ വനം വകുപ്പ് മറ്റിതര സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും കയ്യേറ്റം ഒഴിപ്പിക്കാനെത്തി.