ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സ സെമി കാണാതെ പുറത്ത്

യുവെന്റസും മൊണാക്കോയും സെമിയില്‍  
Posted on: April 20, 2017 8:00 am | Last updated: April 20, 2017 at 5:29 pm
SHARE
മത്സരത്തിനിടെ മെസി മുഖമടിച്ചു വീഴുന്നു

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദ പോരാട്ടത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബാഴ്‌സയുടെ കുതിപ്പ് അവസാനിച്ചത്. യുവെന്റസിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ ബാഴ്‌സ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 3-0ത്തിന്റെ തോല്‍വിയാണ് ബാഴ്‌സ വഴങ്ങിയത്.

യുവെന്റസ് താരങ്ങള്‍ വിജയാഹ്ലാദത്തില്‍

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ലൂയി സുവാരസും നെയ്മറുമടങ്ങിയ ബാഴ്‌സക്ക് സ്വന്തം തട്ടകമായ നൗകൗമ്പില്‍ യുവെന്റസിന്റെ പ്രതിരോധക്കോട്ടയെ മറികടക്കാനായില്ല. മത്സരത്തിനിടെ മെസിക്ക് കണ്ണിന് താഴെ പരുക്കേറ്റത് ബാഴ്‌സക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്താകുന്നത്.

ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോട്മുണ്ടിനെ കീഴടക്കി മൊണാക്കോയും സെമിയില്‍ പ്രവേശിച്ചു. 2004ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് മുന്‍നിര ടീമായ മൊണാക്കോ സെമിയില്‍ ഇടം കണ്ടെത്തിയത്. എവേ മത്സരത്തില്‍ 3-2ന്റെ മുന്‍തൂക്കവുമായി കളത്തിലിറങ്ങിയ മൊണാക്കോ രണ്ടാം പാദത്തില്‍ 3-1ന്റെ ജയം കുറിച്ചു. ഇരു പാദങ്ങളുമായി 6-3 ന്റെ ലീഡുമായാണ് മൊണാക്കോയുടെ സെമി പ്രവേശനം. നേരത്തെ, റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും സെമിയില്‍ പ്രവേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here