Connect with us

National

വിവിഐപി കാറുകളില്‍ മെയ് ഒന്ന് മുതല്‍ ചുവപ്പ് ലൈറ്റ് തെളിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പ്രസിഡന്റും പ്രധാനമന്ത്രിയും ഉള്‍പ്പെടെ വിവിഐപികളുടെ വാഹനങ്ങളില്‍ ഇനി ചുവപ്പ് ലൈറ്റ് തെളിയില്ല. മെയ് ഒന്ന് മുതല്‍ ചുവപ്പ് ലൈറ്റ് എമര്‍ജന്‍സി വാഹനങ്ങള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പുറമെ ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ വാഹനങ്ങളിലും ഇനി ചുവപ്പ് ലൈറ്റ് ഉണ്ടാകില്ല. ഇതുസംബന്ധിച്ച പൊതുജനാഭിപ്രായം കൂടി തേടിയ ശേഷം വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു.

ഭരണാധികാരിള്‍ വാഹനങ്ങളില്‍ ചുവപ്പ് ലൈറ്റ് തെളിയിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ മോശം അഭിപ്രായത്തിന് ഇടയാക്കുന്നുണ്ടെന്ന് നിഥിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശക്തമായ ജനാധിപത്യ തീരുമാനം എന്നാണ് ഈ നടപടിയെ മന്ത്രി വിശേഷിപ്പിച്ചത്. മന്ത്രിസഭാ തീരുമാനം വന്നതിന് പിന്നാലെ നിധിന്‍ ഗഡ്കരിയുടെ കാറില്‍ നിന്ന് ചുവപ്പ് ലൈറ്റ് നീക്കം ചെയ്തു.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മന്ത്രാലയം ഈ ശിപാര്‍ശ നല്‍കിയതെങ്കിലും ഇപ്പോഴാണ് പ്രാബല്യത്തില്‍ വരുന്നത്. ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാറാണ് ആദ്യമായി ചുവന്ന ബീക്കണ്‍ലൈറ്റ് ഉപേക്ഷിച്ചത്. അടുത്തിടെ പഞ്ചാബില്‍ അധികാരത്തില്‍ വന്ന അമരീന്ദര്‍ സിംഗും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാനമായ തീരുമാനം എടുത്തിരുന്നു.

Latest