Connect with us

National

ബന്ധുനിയമന വിവാദം: ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കും സിപിഐഎമ്മിന്റെ താക്കീത്

Published

|

Last Updated

ന്യൂഡല്‍ഹി: ബന്ധുനിയമനം വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കും സിപിഐഎമ്മിന്റെ താക്കീത്. വിഷയം സിപിഐഎം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു. പികെ ശ്രീമതിയുടെ മകന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് നടപടി. കടുത്ത നടപടി വേണ്ടെന്നാണ്്് തീരുമാനം.

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം പിബി നിര്‍ദേശിക്കുക ആയിരുന്നു. പിന്നാലെ കേന്ദ്രകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുകയും താക്കീത് നല്‍കുവാന്‍ തീരുമാനിക്കുകയും ആയിരുന്നു.

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു.