ബാബറി മസ്ജിദ് കേസ്: അദ്വാനിക്കെതിരായ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചു;വിചാരണ നേരിടണം

Posted on: April 19, 2017 11:45 am | Last updated: April 20, 2017 at 8:26 am

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി,എംഎ ജോഷി,ഉമാഭാരതി എന്നിവരടക്കമുള്ള 22 മുതിര്‍ന്ന ബിജെപി,സംഘപരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി.

സാങ്കേതിക കാരണങ്ങളുടെ പേരില്‍ എല്‍കെ അദ്വാനി അടക്കമുള്ളവര്‍ക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈകോടതി വിധിയാണ് ജസ്റ്റിസുമാരായ വിനായത് ചന്ദ്രഘോഷ്, റോഹിങ്ക്യന്‍ നരിമാന്‍ എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

കേസിലെ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സസിംഗ് നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ ആണ്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആളായതിനാല്‍ കല്യാണ്‍ സിംഗിനെ വിചാരണ നേരിടുന്നതില്‍ നിന്ന് താല്‍കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറുമ്പോള്‍ കല്യാണ്‍ സിംഗ് വിചാരണ നേരിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കേസിന്റെ വിചാരണ രണ്ടു വര്‍ഷത്തിനുള്ളില്‍ ലക്‌നൗ കോടതി പൂര്‍ത്തിയാക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. അതോടൊപ്പം രണ്ടായി പരിഗണിച്ചിരുന്ന ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകള്‍ ലക്‌നൗ കോടതിയില്‍ ഒരുമിച്ച് പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. റായ്ബറേലി കോടതിയിലാണ് മസ്ജിദ് തകര്‍ക്കല്‍ കേസിന്റെ വിചാരണ നടക്കുന്നത്.

എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയ നടപടി റായ്ബറേലി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. മാര്‍ച്ച് 21 കേസ് പരിഗണിച്ചപ്പോള്‍ തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ ഒരിക്കല്‍കൂടി ശ്രമിക്കണമെന്നും സുപ്രീംകോടതി അതിന് മധ്യസ്ഥത വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിധി പറയുന്നതിനായി കേസ് മാറ്റുകയായിരുന്നു.
ബാബരി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാര്‍ച്ച് ആറിന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കൂടാതെ ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ്തകര്‍ത്തസംഭവത്തില്‍ കര്‍സേവകര്‍ക്കെതിരെയുള്ള കേസില്‍ വിചാരണലക്‌നൗ കോടതിയിലാണ് നടന്നത്. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കെതിരെയുള്ള കേസുകളാണ് ലക്‌നൗ കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ വിവിഐപികള്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് റായ്ബറേലി കോടതിയിലായിരുന്നു. റായ്ബറേലിയിലെ കേസും ലക്‌നൗ കോടതിയിലേക്ക് മാറ്റി രണ്ടും ഒന്നിച്ച് പരിഗണിക്കാനും കോടതി ഉത്തരവിട്ടു. നാല് ആഴ്ചകള്‍ക്കകം റായ്ബറേലി കോടതിയില്‍ നിന്നു കേസ് ലക്‌നൗ കോടതിയിലേക്ക് മാറ്റണം.

ബിജെപി സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള കേസില്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി നടപടി അലഹാബാദ് ഹൈക്കോടതി 2010 മെയ് 10ന് ശരിവെച്ചിരുന്നു.

മരണപ്പെട്ടതിനെ തുടര്‍ന്ന് ശിവസേന നേതാവ് ബാല്‍ താക്കറയെ ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് കോടതി ഒഴിവാക്കിയിരുന്നു.