പുതിയ വോട്ടിംഗ് യന്ത്രം: കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന്

Posted on: April 18, 2017 11:45 pm | Last updated: April 18, 2017 at 11:39 pm

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വി വി പി എ ടി സംവിധാനം ഘടിപ്പിക്കുന്നതിന് പണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പതിനൊന്ന് തവണ കത്തയച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. വോട്ട് ചെയ്യുന്ന സമയത്ത് തന്നെ രേഖപ്പെടുത്തിയ വോട്ടിന്റെ പ്രിന്റ് ഔട്ട് വോട്ടര്‍ക്ക് കണ്ട് ഉറപ്പുവരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള പുതിയ വോട്ടിംഗ് യന്ത്രം (വി വി പി എ ടി) വാങ്ങുന്നതിനുള്ള തുക നല്‍കാന്‍ വൈകുന്നതായാണ് റിപ്പോര്‍ട്ട്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടത്താന്‍ സാധിക്കുമെന്നും അതിനാല്‍ പഴയ രീതിയില്‍ ബാലറ്റ് വോട്ടെടുപ്പിലേക്ക് മടങ്ങണമെന്നുമുള്ള ആവശ്യം പല രാഷ്ട്രീയ കക്ഷികളും ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും ഈ ആരോപണം നിഷേധിച്ചിരുന്നെങ്കിലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചെങ്കിലും കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.