Gulf
ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് കീഴില്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലബും ഫൗണ്ടേഷനും

ദോഹ: പുതിയ നിയമപ്രകാരം ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്ററി (ക്യു എഫ് സി)ന്റെ കീഴില്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലബുകളും ഫൗണ്ടേഷനുകളും വരുന്നു. ക്യു എഫ് സിയുടെ പരിധിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലബുകള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതാണിത്. 2022ഓടെ ആയിരം കമ്പനികളെ ആകര്‍ഷിക്കുകയും പതിനായിരം തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ക്യു എഫ് സിയുടെ പഞ്ചവത്സര പദ്ധതിക്ക് കരുത്ത് പകരുന്നതാണ് പുതിയ നീക്കം.
പ്രവര്‍ത്തനങ്ങള്‍ വിശാലമാക്കുകയും നിയമ സംരംഭങ്ങള്‍ വിപുലമാക്കുകയും ചെയ്യാനുള്ള ക്യു എഫ് സിയുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ക്യു എഫ് സി അതോറിറ്റി ചീഫ് ലീഗല്‍ ഓഫീസര്‍ നാസര്‍ അല്‍ തവീല്‍ പറഞ്ഞു. ക്യു എഫ് സിയുടെ ഫൗണ്ടേഷന്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഫൗണ്ടേഷനുകള്‍ സ്ഥാപിക്കുക. പിന്തുടര്‍ച്ചാവകാശ പദ്ധതി, സ്വത്ത് സംരക്ഷണം, ജീവനക്കാരുടെ ഓഹരി പദ്ധതികള്‍ തുടങ്ങിയവക്കെല്ലാം ഇത് ഉപയോഗിക്കാം. ഫൗണ്ടേഷന്റെ ഭരണഘടന ക്യു എഫ് സിക്ക് നല്‍കണം. ഇത് രഹസ്യമാക്കി വെക്കും. ഓഹരികള്‍ കൊണ്ട് നിയന്ത്രിതമായ കമ്പനികളെയാണ് ഇന്‍വെസ്റ്റ്‌മെന്റ് ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്.
15 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തി സ്വത്തുക്കളിലും ഓഹരികളിലും നിക്ഷേപിച്ച് ഫണ്ട് വര്‍ധിപ്പിക്കുകയാണ് ഇതിന്റെ പ്രവര്‍ത്തനം. തന്റെ ഓഹരികള്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലബിന് വിറ്റ് അംഗത്തിന് പുറത്തുപോകാം. ക്ലബിന്റെ സ്വത്തുക്കള്‍ മൂല്യനിര്‍ണയം നടത്താനും തര്‍ക്കങ്ങള്‍ പരിഹരിക്കാനുമുള്ള രീതിക്രമം തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശിക- മേഖലാ തലങ്ങളില്‍ ഇത് ഏറെ സ്വീകാര്യമാകുമെന്ന് നാസര്‍ പറഞ്ഞു. ക്യു എഫ് സിയുടെ മറ്റ് സംരംഭങ്ങളെ പോലെ തന്നെ ഫൗണ്ടേഷനുകളും ഇന്‍വെസ്റ്റ് ക്ലബുകളും 100 ശതമാനം വിദേശ ഉടമസ്ഥതയും ഇഷ്ട കറന്‍സിയില്‍ ഇടപാട് നടത്താനുള്ള സ്വാതന്ത്ര്യവും അനുവദിക്കും. ലാഭം പരിധിയില്ലാതെ സ്വദേശത്തേക്ക് കൊണ്ടുപോകാം.