Connect with us

Business

യുദ്ധ ഭീതിയില്‍ ഓഹരി വിപണി; ആശങ്കയോടെ നിക്ഷേപകര്‍

Published

|

Last Updated

യു എസ്-കൊറിയ യുദ്ധ ഭീതി വിദേശ ഫണ്ടുകളെ ആഗോള ഓഹരി വിപണികളില്‍ വില്‍പ്പനക്കാരാക്കി. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളും പ്രദേശിക നിക്ഷേപകരും ആശങ്കയോടെയാണ് വിപണിയെ ഉറ്റു നോക്കുന്നത്. വിദേശ ഫണ്ടുകള്‍ മുന്‍ നിര ഓഹരികള്‍ വിറ്റുമാറാന്‍ തിടുക്കം കാണിച്ചാല്‍ ഏഷ്യയിലും യുറോപ്യന്‍ വിപണികളിലും മാത്രമല്ല അമേരിക്കന്‍ ഓഹരി സൂചികളിലും വിള്ളല്‍ ഉളവാക്കാം. ബോംബെ സെന്‍സെക്‌സ് 245 പോയിന്റും നിഫ്റ്റി 47 പോയിന്റും പോയവാരം താഴ്ന്നു.
ബി എസ് ഇ സൂചിക 29,838 പോയിന്റില്‍ നിന്ന് കഴിഞ്ഞവാരം സൂചിപ്പിച്ച 29,466 ലെ താങ്ങ് തകര്‍ത്ത് 29,461 ല്‍ ക്ലോസ് ചെയ്തു. ഈവാരം 29,718-29,975 ല്‍ പ്രതിരോധം നേരിടാം. സെന്‍സെക്‌സിന് 29,324- 29,187 പോയിന്റില്‍ താങ്ങുണ്ട്. നിഫ്റ്റി സൂചിക 9241 ല്‍ നിന്ന് 9145 വരെ താഴ്ന്ന ശേഷം 9150 ലാണ് വാരാന്ത്യം. മുന്‍വാരം സുചിപ്പിച്ചിരുന്ന 9249 ലെ പ്രതിരോധവും 9144 ലെ താങ്ങും സൂചിക നിലനിര്‍ത്തി. ഈവാരം 9116-9082 ല്‍ താങ്ങ് നഷ്ടപ്പെട്ടാല്‍ വിപണി 9020 ലേക്ക് ചാഞ്ചാടം. എന്നാല്‍9212 ലെ പ്രതിരോധം തകര്‍ക്കാനായാല്‍ സൂചികയുടെ ലക്ഷ്യം 9274-9308 പോയിന്റാണ്.

ഐ റ്റി, മെറ്റല്‍ ഇന്‍ഡക്‌സുകള്‍ നാല് ശതമാനം ഇടിഞ്ഞു. ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ്, പവര്‍ വിഭാഗങ്ങളും തളര്‍ന്നു. അതേ സമയം റിയാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ബാങ്കിങ്, ഓയില്‍ ആന്റ് ഗ്യാസ്, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗങ്ങള്‍ മികവ് നിലനിര്‍ത്തി.

മുന്‍ നിരയിലെ 30 ഓഹരികളില്‍ 18 എണ്ണത്തിന്റെ നിരക്ക് താഴ്ന്നപ്പോള്‍ 12 എണ്ണം മികവ് നിലനിര്‍ത്തി. സെന്‍സെക്‌സില്‍ ഏറ്റവും കനത്ത തിരിച്ചടിനേരിട്ട അദാനി പോര്‍ട്ടിന്റെ ഓഹരി വില 7.81 ശതമാനം കുറഞ്ഞു. ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസീസ് തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനം തളര്‍ച്ച. റ്റി സി എസ്, വിപ്രോ, ടാറ്റാ മോട്ടേഴ്സ്, മാരുതി, ആര്‍ ഐ എല്‍ തുടങ്ങിയവയുടെ നിരക്ക് താഴ്ന്നു. സണ്‍ ഫാര്‍മ്മ, കോള്‍ ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, ഐ റ്റി സി, ലുപിന്‍, എച്ച് യു എല്‍ എന്നിവ മികവിലാണ്.

പണപ്പെരുപ്പ നിരക്ക് ഉയരുന്നത് വിപണിയില്‍ ആശങ്കജനിപ്പിച്ചു. ഫെബ്രുവരിയിലെ 3.65 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ പണപ്പെരുപ്പം 3.81 ലേക്ക് കയറി.
വിനിമയ വിപണിയില്‍ യു എസ് ഡോളറിന് മുന്നില്‍ രുപയുടെ മുല്യം ഒന്നര മാസത്തിനിടയില്‍ രണ്ട് രൂപ 75 പൈസ വര്‍ധിച്ചു. വാരാന്ത്യം രൂപയുടെ മുല്യം 64.45 ലാണ്. പോയവാരം വിദേശ ഫണ്ടുകള്‍ 2264 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ഏപ്രിലില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ 16,500 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തി.
ബി എസ് ഇ യില്‍ കഴിഞ്ഞവാരം 15,016 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 98,393 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏഴ് ശതമാനം ഉയര്‍ന്ന് ബാരലിന് 53 ഡോളറിലേക്ക് കയറി. ഇതിനിടയില്‍ യുദ്ധ സാധ്യതകള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേയ്ക്കും അടുപ്പിക്കാം. ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1290 ഡോളര്‍ വരെ എത്തി നില്‍ക്കുകയാണ്.

---- facebook comment plugin here -----

Latest