Connect with us

Kannur

കാനത്തിന് കോടിയേരിയുടെ മറുപടി: പരസ്യവിമര്‍ശനം ഉന്നയിച്ച് സിപിഐ പ്രതിപക്ഷത്തിന് വഴിയൊരുക്കരുത്

Published

|

Last Updated

കണ്ണൂര്‍: പരസ്യവിമര്‍ശനം ഉന്നയിച്ച് സിപിഐ പ്രതിപക്ഷത്തിന് വഴിയൊരുക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശത്രുവര്‍ഗത്തിന്റെ കുത്തിത്തിരുപ്പുകളെ ഒന്നിച്ച് നേരിടണം. ഭരണമുന്നണിയിലെ പ്രധാന കക്ഷി തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കുന്നത് പോലെയാകുമെന്നും മുന്‍കാലത്തെ ഇത്തരം ദുരനുഭവങ്ങളെക്കുറിച്ച് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണെന്നും കോടിയേരി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും സിപിഐ കേന്ദ്ര നേതൃത്വത്തിന്റെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.

സ്വന്തം രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. വിവാദ വിഷയങ്ങളില്‍ പരസ്യ പ്രസ്താവന ഒഴിവാക്കണം. കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ ഇടതു നേതാക്കള്‍ ജാഗ്രത പാലിക്കണം. സിപിഐ സിപിഎമ്മിന്റെ സഹോദര പാര്‍ട്ടിയാണ്. വീഴ്ചകള്‍ സംഭവിച്ചിരിക്കാം. അതെല്ലാം ചര്‍ച്ച ചെയ്തു മുന്നോട്ടുപോകുന്നതാണ് ഭരണത്തിനും മുന്നണിക്കും നല്ലതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണ്. യുഎപിഎയുടെ കാര്യത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും വ്യക്തമായ നിലപാടുണ്ട്. യുഎപിഎ എന്ന കരിനിയമം അനാവശ്യമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് തന്നെയാണ് പാര്‍ട്ടി നയം. പി.ജയരാജന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ യുഎപിഎയ്ക്ക് ഇരകളാണ്. ഇക്കാര്യത്തില്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് കാനം രാജേന്ദ്രന്‍ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കോടിയേരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനെ ശക്തിപ്പെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്. അതിന് വേണ്ടി ഏത് തരത്തിലുമുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നും കാനം പറഞ്ഞു.