കുവൈത്തിൽ പൗരത്വനിയമ ഭേദഗതി : പ്രതിപക്ഷ നീക്കം പരാജയപ്പെട്ടു

Posted on: April 13, 2017 2:51 pm | Last updated: April 13, 2017 at 2:52 pm
കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരത്വ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച കരട് പ്രമേയം പാർലമെന്റിൽ പരാജയപ്പെട്ടു. പൗരത്വം നൽകാനും പിൻവലിക്കാനും ഉള്ള അവകാശം ഭരണഘടനാകോടതിക്ക് നൽകണമെന്ന പ്രതിപക്ഷത്തിെൻറ നിർദേശമാണ് വോട്ടെടുപ്പിനുശേഷം തള്ളിയത്.
നിലവിലെ നിയമപ്രകാരം പൗരത്വം അനുവദിക്കാനും പിൻവലിക്കാനുമുള്ള അധികാരം മന്ത്രിസഭയിൽ നിക്ഷിപ്തമാണ്. ഇത് അംഗീകരിക്കില്ലെന്നാണ് പാർലമെൻറിലെ പ്രതിപക്ഷ ചേരിയുടെ നിലപാട്. വ്യക്തി വിരോധത്തിെൻറ പേരിൽ സ്വദേശികൾക്ക് അർഹമായ അവകാശങ്ങൾ ഹനിക്കപ്പെടാൻ നിലവിലെ നിയമം അവസരമൊരുക്കുന്നു എന്ന്  ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഭേദഗതി നിർദേശം മുന്നോട്ടുവെച്ചത്.
പൗരത്വ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാ കോടതിക്ക് നൽകണമെന്നതായിരുന്നു നിർദേശത്തിെൻറ കാതൽ.
കുവൈത്ത് പാർലമെൻറിലെ ലീഗൽ ആൻഡ് ലെജിസ്ലേറ്റീവ് കമ്മിറ്റി അംഗീകരിച്ച ഭേദഗതി നിർദേശം വോട്ടിനിട്ടപ്പോൾ കാബിനറ്റ് അംഗങ്ങൾ ഉൾപ്പെടെ 36 പേർ എതിർത്തും 27 പേർ അനുകൂലിച്ചും വോട്ടുചെയ്തു. വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ നിർദേശം പാർലമെൻറ് അജണ്ടയിൽനിന്ന് നീക്കി. പൗരത്വം അനുവദിക്കലും റദ്ദാക്കലും രാജ്യത്തിെൻറ പരമാധികാരത്തിൽ പെട്ട കാര്യമായതിനാൽ ഭരണനിർവഹണസഭയുടെ പരിധിയിലാണെന്നും ജുഡീഷ്യറിയുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും കാബിനറ്റ് കാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹ് പറഞ്ഞു.