മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍: ദേവികുളം സബ് കലക്ടര്‍ക്ക് റവന്യു മന്ത്രിയുടെ അഭിനന്ദനം

Posted on: April 13, 2017 12:05 pm | Last updated: April 13, 2017 at 4:57 pm

തൊടുപുഴ: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ സംഭവങ്ങളില്‍ ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാമിനെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു. ഫോണില്‍ വിളിച്ചാണ് കലക്ടറെ മന്ത്രി അഭിനന്ദിച്ചത്. കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോകണമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ദേവികുളത്തു സര്‍ക്കാര്‍ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം പഞ്ചായത്തംഗത്തിന്റെയും ലോക്കല്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. കയ്യേറ്റം തടയാന്‍ റവന്യു വകുപ്പ് നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങളെ സിപിഎം നേതാക്കള്‍ കയ്യേറ്റംചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാമിനെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്ന പൊലീസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് 17നു കലക്ടര്‍ക്കു റിപ്പോര്‍ട്ടു കൈമാറുമെന്നു ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാം അറിയിച്ചു. അതേസമയം, മാധ്യമങ്ങളെ കൂട്ടുപിടിച്ച് സിനിമാ നായകനാകാന്‍ ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാം ശ്രമിക്കുന്നതായും ഇതിനു കൂട്ടു നില്‍ക്കുന്ന റവന്യു മന്ത്രിക്കു വേറേ പണിയില്ലേയെന്നും എസ്. രാജേന്ദ്രന്‍ എംഎല്‍എ ചോദിച്ചു. സബ് കലക്ടറുടേതു തരം താണ നടപടിയാണെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐക്കെതിരെയുള്ള മന്ത്രി എംഎം. മണിയുടെ പ്രസ്താവന അനുചിതമാണെന്നും കേരളത്തില്‍ തമ്പുരാന്‍ ഭരണമല്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പ്രതികരിച്ചു. ഇടതുമുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് സിപിഐയെ പേരെടുത്ത് പരാമര്‍ശിക്കാതെ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ട. കയ്യേറ്റം ഒഴിപ്പിക്കാന്‍ ചെല്ലുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.