Connect with us

Editorial

നാക്ക് പിഴയല്ല

Published

|

Last Updated

ആര്‍ എസ് എസ് സൈദ്ധാന്തികനും ബി ജെ പി മുന്‍ എം പിയുമായ തരുണ്‍ വിജയ് നടത്തിയ വംശീയ പരാമര്‍ശത്തിനെതിരായ പ്രതിഷേധം പടരുകയാണ്. പാര്‍ലിമെന്റിനകത്തും പുറത്തും പ്രതിഷേധാഗ്‌നി പടര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചു. രാജ്യത്തിന്റെ അഖണ്ഡത, ഐക്യം, ഉള്‍ക്കൊള്ളല്‍ ശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ ചര്‍ച്ചകളാണ് തരുണ്‍ വിജയുടെ വാക്കുകള്‍ തൊടുത്തു വിട്ടത്. സംഘ്പരിവാര്‍ ശക്തികള്‍ ദേശീയതയെക്കുറിച്ച് നടത്തുന്ന ഗിരിപ്രഭാഷണങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതായി മാറിയിരിക്കുന്നു ഈ ചര്‍ച്ചകള്‍. രാഷ്ട്രീയഭേദമന്യേ രാജ്യത്തെ ചിന്തിക്കുന്ന സമൂഹം മുഴുവന്‍ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ ക്ഷമാപണം നടത്തി കൂടുതല്‍ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ മുന്‍ എം പി ശ്രമിച്ചിരുന്നു. ബി ജെ പിയാകട്ടേ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ കൃത്യമായ അഭിപ്രായം പറയാതെ തടിയൂരാനാണ് നോക്കിയത്. അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ വിജയ് ദക്ഷിണേന്ത്യയിലെ മുഴുവന്‍ മനുഷ്യരെയും അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ നൈജീരിയന്‍ യുവാക്കള്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം.

ഇന്ത്യയിലെ വംശീയ അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തരുണ്‍ വിജയ് പ്രതികരിച്ചതിങ്ങനെ: “ഇന്ത്യയില്‍ വംശീയത ഉണ്ടെന്ന് മാത്രം പറയരുത്. ഞങ്ങള്‍ വംശീയതയുള്ളവരല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കറുത്ത നിറമുള്ളവരാണ്. ഞങ്ങള്‍ അവരോടൊപ്പം ജീവിക്കുന്നില്ലേ? വംശീയത കൊണ്ടു നടക്കുന്നവരാണെങ്കില്‍ അവരോടൊപ്പം ജീവിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നോ?” ഇന്ത്യ സമത്വ സുന്ദര ഭൂവിഭാഗമാണെന്ന് പറയാനാണ് തരുണ്‍ വിജയ് ശ്രമിച്ചത്. പുറത്ത് വന്നത് നേരെ വിപരീത അര്‍ഥവും. ക്ഷമാപണത്തില്‍ അദ്ദേഹം അവകാശപ്പെടുന്നത് പോലെ ഇതൊരു നാക്ക് പിഴയല്ല. അദ്ദേഹമടക്കമുള്ള സംഘ്പരിവാര്‍ നേതാക്കളുടെയും അണികളുടെയും ഉള്ളില്‍ വേരാഴ്ത്തിയ മനോഭാവമാണ് അത്. അത്‌കൊണ്ടാണ് അത് സ്വാഭാവികമായി പുറത്ത് ചാടുന്നത്.

വംശീയത ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ആവിഷ്‌കാരങ്ങളിലൊന്നാണ്. ആര്‍ എസ് എസിന്റെ രൂപവത്കരണത്തില്‍ അതിന്റെ സ്ഥാപക നേതാക്കള്‍ മാതൃകയാക്കിയത് ഹിറ്റ്‌ലറെയും മുസ്സോളിനിയെയുമാണല്ലോ. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ഏറ്റവും പ്രായോഗികമായ തൊഴില്‍ വിഭജനമായാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം കാണുന്നത്. ദളിതര്‍ക്ക് മനുഷ്യാവകാശമോ പൗരാവകാശമോ വകവെച്ച് കൊടുക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുന്ന മനുസ്മൃതിയെയാണ് അവര്‍ നിയമവ്യവസ്ഥയുടെ ഉത്കൃഷ്ട പ്രഭവ കേന്ദ്രമായി കാണുന്നത്. ജാതി ശ്രേണിയില്‍ താഴ്ന്നവരെന്ന് മുദ്ര കുത്തപ്പെട്ടവര്‍ എക്കാലത്തും മേല്‍ ജാതിക്കാരെന്ന് മേനി നടിക്കുന്നവരെ സേവിക്കേണ്ടവരാണ്. ദളിതര്‍ ശാരീരികമായ കഠിന ജോലികളില്‍ നിരന്തരം ഏര്‍പ്പെടേണ്ടവരാണ്. അതാണ് അവരുടെ മോക്ഷമാര്‍ഗം. അവര്‍ തോട്ടിപ്പണിക്കാരും മലം പേറുന്നവരും തുകല്‍ പണിക്കാരും ചത്ത പശുവിന്റെ ഇറച്ചി തിന്നുന്നവരുമാണ്. അത്‌കൊണ്ട് തന്നെ അവര്‍ കറുത്തവരാണ്. ഈ അവര്‍ണനെ അറിവില്‍ നിന്നും അക്ഷരത്തില്‍ നിന്നും സാമൂഹികവത്കരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടി അന്നും ഇന്നും സവര്‍ണ വിഭാഗങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ക്ക് പ്രത്യയശാസ്ത്ര ന്യായീകരണമൊരുക്കുകയാണ് വിചാരധാരയടക്കമുള്ള സംഘ് സാഹിത്യങ്ങള്‍. അത്‌കൊണ്ട് ഈ സാഹിത്യം തലയില്‍ കൊണ്ട് നടക്കുന്ന തരുണ്‍ വിജയിയെപ്പോലുള്ളവര്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

ദളിതരെയും ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്താനും ആട്ടിയോടിക്കാനും തല്ലിച്ചതക്കാനും കൊന്നു തള്ളാനും പ്രചോദനമാകുന്ന ആശയഗതി ഗോപ്യമായി നിരന്തരം പ്രചരിപ്പിക്കുന്നുണ്ട് ഹിന്ദുത്വ ഫാസിസ്റ്റ് ഗ്രൂപ്പുകള്‍. ഇന്ത്യന്‍ ഫാസിസം താഴേ നിന്ന് പടുത്തുയര്‍ത്തുന്നതാണ് എന്ന് പറയുന്നത് അത്‌കൊണ്ടാണ്. ചിലപ്പോള്‍ മാത്രമാണ് ആക്രോശങ്ങളും ആഹ്വാനങ്ങളുമായി അസഹിഷ്ണുത പരസ്യമാക്കപ്പെടാറുള്ളത്. ഇങ്ങനെ പരസ്യമായി ഇടക്കൊക്കെ പറഞ്ഞ് പോകുന്നത് കൊണ്ട് ഫാസിസത്തിന്റെ ഭീകരത വെളിപ്പെടുന്നു. കലാപങ്ങള്‍ക്കും വംശീയ അതിക്രമങ്ങള്‍ക്കും വഴിമരുന്നിടുന്ന നുണ പ്രചാരണങ്ങളും അവബോധ നിര്‍മിതികളും പുറത്തേക്ക് കാണുന്നതിനേക്കാള്‍ വ്യാപകവും ശക്തവുമാണെന്നര്‍ഥം.

ഇവിടെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചത് ഏറെ പ്രസക്തമാണ്. തരുണ്‍ വിജയ് പറയുന്ന “ഞങ്ങള്‍” ആരാണ്? ബി ജെ പിക്കാരും ആര്‍ എസ് എസുകാരുമാണോ? അവരുടെ ഔദാര്യത്തില്‍ കഴിയേണ്ടവരാണോ മറ്റുള്ളവര്‍. ഇവിടെ നടക്കുന്ന പശുവാദം അടക്കമുള്ള എല്ലാ കോലാഹലങ്ങളുടെയും അര്‍ഥം ഞങ്ങളുടെ നിലപാടുകള്‍

അംഗീകരിച്ചാല്‍ നിങ്ങള്‍ക്ക് ഞങ്ങളോട് സഹവസിക്കാം; അല്ലെങ്കില്‍ അതിജീവനം അസാധ്യം എന്ന് തന്നെയാണ്. ഇന്ത്യന്‍ ഫെഡറല്‍ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം കൂടി തരുണ്‍ വിജയ് പറഞ്ഞത് കൂടുതല്‍ അപകടകരമാകുന്നു. അത്‌കൊണ്ടാണ് രാജ്യത്തിന് അത് ക്ഷമിക്കാന്‍ കഴിയാത്തത്. അമേരിക്കയിലും ആസ്‌ത്രേലിയയിലും നമ്മുടെ പൗരന്‍മാര്‍ക്ക് നേരെ വംശീയ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അവയെ അപലപിക്കുകയെങ്കിലും ചെയ്യാനുള്ള സാധ്യതയാണ് തരുണ്‍ വിജയ്മാര്‍ അടയ്ക്കുന്നത്.

---- facebook comment plugin here -----

Latest