വോട്ടെടുപ്പ് പൂർത്തിയായി; മലപ്പുറത്ത് 71.5 ശതമാനം പോളിംഗ്

Posted on: April 12, 2017 1:05 pm | Last updated: April 13, 2017 at 10:10 am

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. 71.5 ശതമാനമാണ് പോളിംഗ്.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട് എഎംയുപി സ്‌കൂളില്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശും വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി.ഫൈസലിന് ഈ മണ്ഡലത്തില്‍ വോട്ടില്ല.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്: കൊണ്ടോട്ടി -58.5, മഞ്ചേരി- 63.4, പെരിന്തല്‍മണ്ണ- 58.9, മങ്കട -58.6, മലപ്പുറം 66.2, വേങ്ങര- 60.6, വള്ളിക്കുന്ന്- 61.1 എവിടെയും പ്രശ്‌നങ്ങളില്ല. സമാധാനപരമായി പോളിങ് മുന്നോട്ട് പുേരാഗമിക്കുന്നു. അതേസമയം തകരാറ് മൂലം 11 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകള്‍ മാറ്റിവെച്ചു.

യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പോളിങ് കൂടാന്‍ സാധ്യതയുണ്ടെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. യുഡിഎഫിന്റെ പ്രചരണവും പ്രവര്‍ത്തനവും വളരെ ചിട്ടയോടെയായിരുന്നു. പ്രാദേശികമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അന്തിമതീരുമാനം ജനങ്ങളുടേതാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഹംസ പ്രതികരിച്ചു. 2004ലെ ഒരു ട്രെന്‍ഡ് കാണുന്നുണ്ട്. അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. രണ്ടു പാര്‍ട്ടികളില്‍ ആരു ജയിച്ചാലും വളരെ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. പഴുതടച്ച പ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലും പ്രതികരിച്ചു.