ഭര്‍ത്താവിന് സൗന്ദര്യം പോര; നവവധു തലക്കടിച്ച് കൊന്നു

Posted on: April 12, 2017 9:45 am | Last updated: April 11, 2017 at 11:46 pm

കുഡ്ഡലോര്‍: ഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും കളിയാക്കിയപ്പോള്‍ 22 കാരിയായ നവവധു ചെയ്തത് ആരെയും ഞെട്ടിക്കുന്ന കാര്യം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുമ്പ് ഭര്‍ത്താവിനെ യുവതി അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കുഡ്ഡലോറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ ഇരുവരും തമ്മില്‍ നടന്ന വഴക്കിനിടെയാണ് ഈ ദാരുണ സംഭവം.

ഭര്‍ത്താവിന് സൗന്ദര്യമില്ലെന്നും യുവതിക്ക് ചേരില്ലെന്നുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായ പ്രകടനമാണത്രെ യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 25 വയസ്സുള്ള നവവരന്‍ മരപ്പണിക്കാരനാണ്.
കൃത്യം നടന്നയുടനെ അലറിക്കൊണ്ട് വീടിന് പുറത്തിറങ്ങിയ യുവതി, തന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് വിളിച്ചുപറയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയത് വധു തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.