നോട്ട് പ്രതിസന്ധിക്ക് അയവില്ല; എ ടി എമ്മുകള്‍ കാലി

Posted on: April 12, 2017 10:20 am | Last updated: April 11, 2017 at 11:41 pm

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം രൂപപ്പെട്ട നോട്ട് ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല. പല ട്രഷറികളും ഇപ്പോഴും കാലിയായ അവസ്ഥയിലാണ്. 122 കോടി ആവശ്യപ്പെട്ടപ്പോള്‍ 52 കോടിയുടെ കറന്‍സിയാണ് ഇന്നലെ ഉച്ചവരെ ബേങ്കുകളില്‍ നിന്ന് ട്രഷറികള്‍ക്ക് ലഭ്യമായത്. 42 ട്രഷറികള്‍ക്ക് ഉച്ചവരെ പണമൊന്നും ലഭിച്ചില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നരക്കോടി ആവശ്യപ്പെട്ട കോട്ടയം ട്രഷറികളില്‍ എത്തിയത് അമ്പത് ലക്ഷം രൂപ മാത്രമാണ്. അമ്പത് ലക്ഷം രൂപയാണ് കോട്ടയം ജില്ലാ ട്രഷറി ആര്‍ ബി ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ലഭിച്ചത് വെറും പത്ത് ലക്ഷം രൂപ. പത്ത് ലക്ഷം രൂപ ചോദിച്ച എരുമേലി സബ് ട്രഷറിക്ക് ഒരു രൂപ പോലും ലഭിച്ചില്ല. മുപ്പത് ലക്ഷം ചോദിച്ച പാമ്പാടി ട്രഷറിക്ക് ലഭിച്ചത് മൂന്ന് ലക്ഷം രൂപയാണ്. മുപ്പത് ലക്ഷം ആവശ്യപ്പെട്ട പള്ളിക്കാത്തോട് ട്രഷറിക്കും അമ്പത് ലക്ഷം ചോദിച്ച മുണ്ടക്കയം ട്രഷറിക്കും ലഭിച്ചത് അഞ്ച് ലക്ഷം രൂപ വീതമാണ്. പതിനഞ്ച് ട്രഷറികളില്‍ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്.
എ ടി എം കൗണ്ടറുകളിലും പണമില്ല. പണമുള്ള എ ടി എമ്മുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ നീണ്ട വരിയാണ്. ഇവിടെ രണ്ടായിരം രൂപക്ക് താഴെയുള്ള നോട്ടുകള്‍ ലഭ്യമല്ല.
എസ് ബി ടി- എസ് ബി ഐ ലയനത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടായതെന്നാണ് ട്രഷറി അധികൃതര്‍ പറയുന്നത്. ബേങ്കുകളിലേക്ക് പഴയപോലെ പണം എത്തുന്നില്ലെന്നതും മറ്റൊരു കാരണമാണ്. എസ് ബി ഐയില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ചാര്‍ജുകള്‍ ഈടാക്കുന്നതാണ് ഇവിടെയെത്തുന്ന പണത്തിന്റെ അളവ് കുറച്ചത്.