റോഹിംഗ്യ: യു എന്‍ അന്വേഷണത്തെ ശക്തമായി എതിര്‍ത്ത് മ്യാന്‍മര്‍

Posted on: April 12, 2017 7:34 am | Last updated: April 11, 2017 at 11:35 pm

യാംഗൂണ്‍ (മ്യാന്‍മര്‍): റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ സൈന്യത്തിന്റെ സഹായത്തോടെ ബുദ്ധ തീവ്രവാദികള്‍ നടപ്പാക്കുന്ന വംശഹത്യ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അയക്കാനുള്ള യു എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് മ്യാന്‍മര്‍. റാഖിനെ പ്രവിശ്യയില്‍ വംശഹത്യ നടക്കുന്നില്ലെന്നും തികച്ചും അനാവശ്യവും പ്രതിലോമകരവുമായ അന്വേഷണത്തിനാണ് യു എന്‍ മുതിരുന്നതെന്നും മ്യാന്‍മര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താവുംഗ് തുന്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ യഥാര്‍ഥ കാരണം ഇല്ലാതാക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ എടുക്കുന്ന പരിശ്രമങ്ങളെ കണക്കിലെടുക്കാത്തതാണ് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപിച്ച അന്വേഷണം. അത് ഒരു ഗുണഫലവും ഉണ്ടാക്കില്ല. പോലീസും പട്ടാളവും അവിടെ തീവ്രവാദവിരുദ്ധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബുദ്ധ തീവ്രവാദികളുടെ ആക്രമണത്തില്‍ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട റോഹിംഗ്യന്‍ മുസ്‌ലികള്‍ സൈന്യത്തെ കൂടി പേടിക്കേണ്ട സ്ഥിതിയിലാണ്. ബലാത്സംഗങ്ങള്‍ നിത്യസംഭവമായിരിക്കുന്നു. തീവ്രവാദ ബന്ധമാരോപിച്ച് യുവാക്കളെ പിടിച്ചു കൊണ്ടു പോകുന്ന സൈന്യം ക്രൂരമായ മര്‍ദനമാണ് അഴിച്ചു വിടുന്നത്. ഈ സാഹചര്യത്തിലാണ് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം പാസ്സാക്കിയത്. റാഖിനെയില്‍ വംശഹത്യ നടക്കുന്നില്ലെന്ന് ഭരണത്തിന് നേതൃത്വം നല്‍കുന്ന ആംഗ് സാന്‍ സൂക്കിയടക്കമുള്ളവര്‍ നിരന്തരം അവകാശപ്പെടുമ്പോള്‍ അന്താഷ്ാ വസ്തുതാന്വേഷണ സംഘം വരുന്നത് മ്യാന്‍മര്‍ സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്. സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴും മ്യാന്‍മര്‍ ഭരണകൂടം. മാത്രമല്ല, ബുദ്ധ തീവ്രവാദികളെ പിണക്കികൊണ്ട് തീരുമാനങ്ങളെടുക്കാന്‍ സൂക്കിക്ക് പോലും സാധിക്കുന്നുമില്ല.
റാഖിനെയിലേക്ക് വാര്‍ത്താ ലേഖകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരത്തേ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.