ഉപരോധം വേണ്ടെന്ന്; റഷ്യയെ സ്വാധീനിക്കാന്‍ അമേരിക്ക

Posted on: April 12, 2017 9:33 am | Last updated: April 11, 2017 at 11:34 pm
സിറിയന്‍ വിഷയത്തില്‍ ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന്

റോം: സിറിയക്കെതിരായ നടപടിയില്‍ റഷ്യയെ സ്വാധീനിക്കാന്‍ അമേരിക്ക. സിറിയയുടെ സഖ്യമായ റഷ്യയോട് ബശര്‍ അല്‍ അസദിനുള്ള പിന്തുണ പിന്‍വലിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു. സിറിയന്‍ സൈനിക കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച റഷ്യയെ പ്രകോപിപ്പിക്കാതെ മയത്തില്‍ കൈകാര്യം ചെയ്യാനാണ് യു എസും സഖ്യരാജ്യങ്ങളും തീരുമാനിച്ചത്. രാസായുധ ആക്രമണവും അമേരിക്കയുടെ സൈനിക ഇടപെടലും ഉണ്ടായ സാഹചര്യത്തില്‍ ഇറ്റലിയില്‍ നടന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് നിര്‍ണായക തീരുമാനം. റഷ്യക്കും സിറിയക്കുമെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന ബ്രിട്ടന്റെ ആവശ്യം മറ്റ് അംഗ രാജ്യങ്ങള്‍ തള്ളി.

അസദിന്റെ ഭരണം അവസാനിക്കാന്‍ പോകുകയാണെന്നും ക്രൂരമായ രാസായുധ ആക്രമണങ്ങള്‍ നടത്തിയ ഭരണാധികാരിയെ പിന്തുണക്കുന്നതില്‍ നിന്ന് റഷ്യ പിന്മാറണമെന്നും റഷ്യ ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്നും യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലെര്‍സണ്‍ വ്യക്തമാക്കി. അവിശ്വസനീയമായ കൂട്ടുക്കെട്ടാണ് അമേരിക്കക്ക് സിറിയയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി അഞ്ചെലിനോ അല്‍ഫാനോ ജി7ല്‍ ഉന്നയിച്ചത്. ശക്തമായ ഉപരോധം സ്വീകരിക്കണമെന്ന് അല്‍ഫാനോ ആവശ്യപ്പെട്ടു. എന്നാല്‍ ഉപരോധത്തിലേക്ക് നീങ്ങേണ്ടെന്ന നിലപാടില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉറച്ചുനിന്നു.

റഷ്യയെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും സാധാരണക്കാര്‍ക്ക് നേരെയുള്ള അസദിന്റെ രാസായുധ ആക്രമണത്തെ തടയാന്‍ റഷ്യ സമ്മര്‍ദം ചെലുത്തണമെന്നും സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അന്താരാഷ്ട്ര കൂട്ടായ്മയില്‍ റഷ്യ അണിചേരണമെന്നും യു എസ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
എന്നാല്‍, രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം റഷ്യയും സിറിയയും വീണ്ടും തള്ളി. സിറിയയോടുള്ള തങ്ങളുടെ ബന്ധം അവസാനിപ്പിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.