Connect with us

Articles

അത്രമേല്‍ അരാഷ്ട്രീയമല്ല ആ അമ്മയുടെ കണ്ണുനീര്‍

Published

|

Last Updated

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ കണ്ണുനീര്‍ മാനവികതയേയും വിദ്യാഭ്യാസ മൂല്യങ്ങളേയും വെട്ടിനുറുക്കുന്ന സ്വാശ്രയ മൂലധനത്തിന്റെ സുരക്ഷിതമായ കോട്ടകള്‍ തകര്‍ക്കാനുള്ള സമരശക്തിയെയാണ് പ്രോജ്വലമാക്കുന്നത്. പണമുണ്ടെങ്കില്‍ ഏത് ഗുണ്ടക്കും വ്യവഹരിക്കാന്‍ കഴിയുംവിധം വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി മാറ്റിയ നിയമവ്യവസ്ഥയേയും നവലിബറല്‍ സങ്കല്‍പ്പങ്ങളേയും ചോദ്യം ചെയ്യാനുള്ള കരുത്ത് ആ കണ്ണീര്‍ പകരുന്നുണ്ട്. അവരുടെ ഹൃദയത്തില്‍ നിന്നുതിര്‍ന്നുവരുന്ന നിലവിളി ഇനി അവരുടെ മകനു വേണ്ടിയല്ല, സ്വാശ്രയ മൂലധനത്തിന്റെ അറവുശാലയില്‍ അകപ്പെട്ട പതിനായിരക്കണക്കിന് മക്കള്‍ക്ക് വേണ്ടിയാണ്. മഹിജക്ക് ഒറ്റ എതിരേയുള്ളൂ. അത് സ്വാശ്രയ വിദ്യാഭ്യാസ വ്യവസ്ഥയാണ്.

ഏതാനും ചില വ്യക്തികള്‍ക്ക് ലാഭം കൊയ്‌തെടുക്കാനുള്ള ഒരു മേഖലയെന്ന നിലയില്‍ ലളിതമല്ല സ്വാശ്രയ വിദ്യാഭ്യാസം. അത് സാമൂഹികജീവിതത്തേയും അതിന്റെ മൂല്യവ്യവസ്ഥയേയും ശിഥിലമാക്കിയ മാരകമായ വിപത്താണ്. ഡോക്ടറും എന്‍ജിനീയറുമാണ് ആത്യന്തിക ലക്ഷ്യമെന്ന ഭ്രാന്തന്‍ സങ്കല്‍പ്പത്തിലേക്ക് വ്യദ്യാഭ്യാസത്തിന്റെ ബൃഹത്തായ കര്‍മപഥത്തെ ചുരുക്കിയെടുക്കുകയും അതിന് പിറകെ പറന്ന് ഒടുങ്ങുന്ന ഇയ്യാം പാറ്റകളായി രക്ഷിതാക്കളെ പരുവപ്പെടുത്തുകയും ചെയ്യുന്ന മൗലികമായൊരു അട്ടിമറി സ്വാശ്രയവ്യവസ്ഥ നിര്‍വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തെ സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തിയാകും വിധം ഉജ്ജ്വലമായി പ്രയോഗിച്ച സാമുദായിക വിഭാഗങ്ങള്‍ പോലും സ്വാശ്രയത്തിന്റെ പ്രലോഭനത്തില്‍ അഭിരമിക്കുന്നത് ഇന്നത്തെ ഭയാനകമായ അനുഭവമാണ്. സ്വാശ്രയ വ്യവസ്ഥയോട് തത്വത്തില്‍ വിയോജിക്കുന്ന ഒരേയൊരു ചേരി ഇടതുപക്ഷം മാത്രമാണ്. ഭരണപരമായ പരിമിതിയോട് മല്ലിടുമ്പോഴും അതിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ല. പലപ്പോഴും നിയമവും കോടതിയും സ്വാശ്രയ മൂലധനത്തോടൊപ്പമാകുന്നതുകൊണ്ട് വിദ്യഭ്യാസത്തിന്റെ സാമൂഹിക ഉള്ളടക്കം സംരക്ഷിക്കാനുള്ള പല ശ്രമങ്ങളും തടയപ്പെടുകയായിരുന്നു. അതുകൊണ്ട് മഹിജ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. ആ രാഷ്ട്രീയം ഏറ്റെടുക്കേണ്ട കരങ്ങള്‍ ദുര്‍ബലപ്പെടുന്നത് അവരെപ്പോലെ തന്നെ സാമൂഹിക ബോധമുള്ള ഏതൊരാളേയും വേദനിപ്പിക്കുന്നതാണ്.
പക്ഷേ, മഹിജക്ക് മുന്നില്‍ പിണറായി വിജയനെ എതിര്‍പക്ഷത്ത് നിര്‍ത്താനുള്ള നാണം കെട്ട പരിശ്രമത്തിലാണിപ്പോള്‍ മാധ്യമങ്ങള്‍. പ്രശ്‌നം ജിഷ്ണുവിന്റെ മരണമല്ല, സ്വാശ്രയ മൂലധനമല്ല. പിണറായി വിജയനാണ്. രണ്ട് പതിറ്റാണ്ട് ചര്‍ച്ചചെയ്തിട്ടും മതിതീരാത്തത്രയും വിഭവസമൃദ്ധമായ ഒരു സൃഷ്ടിയാണോ ഈ പിണറായി? വിശേഷണങ്ങളിലാകട്ടെ ഒരു പുതുമയുമില്ല. ശരീരഭാഷ, ധാര്‍ഷ്ട്യം, ലാവ്‌ലിന്‍, ചിരിക്കാത്തവന്‍, കരയാത്തവന്‍ അങ്ങനെ ഒരേ ചേരുവകള്‍ തന്നെ. “പിണറായി വിജയനെ ചര്‍ച്ച ചെയ്ത് മറ്റൊരു കൊല്ലം കൂടി സമാധാനപൂര്‍വം കടന്നുപോയിരിക്കുന്നു” എന്നെഴുതി അടച്ചുവെക്കാവുന്ന ഒരു ഡയറിയാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ കക്ഷത്തിലിരിക്കുന്നത് എന്ന ലജ്ജാകരമായ സ്വയം വിമര്‍ശനത്തിനു മാത്രമേ ഇനി സാധ്യതയുള്ളൂ” എന്ന വിമര്‍ശനം മാധ്യമപ്രവര്‍ത്തകന്‍ കമല്‍ റാം സജീവ് നടത്തിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. മാധ്യമങ്ങള്‍ ഒട്ടും മാറിയില്ല. ഭൂ മാഫിയയായാലും സ്ത്രീ പീഡനമായാലും ഏത് പ്രശ്‌നത്തേയും പിണറായിയിലേക്ക് തിരിച്ചുവിടുക എന്ന ഒറ്റ അച്ചില്‍ കറങ്ങുകയാണവര്‍. ജിഷ്ണുവിന്റെ മരണം സ്വാശ്രയ കോളജുകള്‍ക്കെതിരെയുള്ള പൊതുജനാഭിപ്രായം ശക്തിപ്പെടുത്താനുള്ള സന്ദര്‍ഭം സൃഷ്ടിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചിരുന്നതാണ്. ഒരു കഴുത്തറുപ്പന്‍ സ്ഥാപനത്തിനാണ് നെഹ്‌റുവിന്റെ പേര് ഉപയോഗിച്ചിരിക്കുന്നത് എന്ന രൂക്ഷമായ വിമര്‍ശനം നടത്തിയത് പിണറായി വിജയനാണ്. ഒരു യു ഡി എഫ് മുഖ്യമന്ത്രിക്ക് പറയാനാകാത്തത് പിണറായിക്ക് പറയാനാകുന്നത് സ്വാശ്രയ കോളജുകള്‍ക്കെതിരെയുള്ള രാഷ്ട്രീയ നിലപാടിന്റെ പിന്‍ബലം ഉള്ളതുകൊണ്ടുമാണ്. സ്വാശ്രയ വിദ്യാഭ്യാസം കേരളത്തില്‍ ഇറക്കുമതി ചെയ്ത കാലത്ത് തന്നെ അതിന്റെ അപകടങ്ങള്‍ പ്രശ്‌നവത്കരിച്ച് സമര സജ്ജമായത് ഇടതുപക്ഷമായിരുന്നു. അത്തരമൊരു നിലപാടിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം നിന്ന് സ്വാശ്രയ മൂലധനത്തിനെതിരായി എടുത്ത നടപടികള്‍. പ്രത്യേകമായ അന്വേഷണ സംഘത്തെ നിയമിച്ചു. കേസ് ആത്മഹത്യയില്‍ നിന്ന് കൊലപാതകമായി മാറുന്നത് ആ അന്വേഷണത്തിലൂടെയാണ്. ആ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ നിയമിച്ചു. മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ലെങ്കിലും കൃഷ്ണ കുമാറിനെതിരെ കേസെടുത്തതും രണ്ടു ദിവസമെങ്കിലും ജയിലിലടച്ചതും രാഷ്ടീയബോധമുള്ള മലയാളിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് ഹാലിളകും വിധം അവര്‍ക്കെതിരെ ശക്തമായി നടപടിയെടുത്ത ഒരനുഭവം മുമ്പൊരിക്കലുമുണ്ടായിട്ടില്ല. എന്നാല്‍ വര്‍ഗസമൂഹത്തിന്റെ അകത്തു വെച്ച് വിശകലനം ചെയ്യേണ്ട സൂക്ഷ്മ പ്രശ്‌നങ്ങളേയും നിയമസംവിധാനങ്ങളേയും ഒരു പൈങ്കിളി പരുവത്തിലേക്ക് അതിലളിതവത്കരിക്കുന്ന മധ്യമ ബുദ്ധിജീവിതങ്ങള്‍ കൃത്യമായും സേവിക്കുന്നത് നവലിബറല്‍ സാമ്പത്തിക വ്യവസ്ഥയുടെ രാഷ്ട്രീയ താത്പര്യങ്ങളെ മാത്രമാണെന്ന് മറ്റാരും തിരിച്ചറിയുന്നില്ലെങ്കിലും മാധ്യമങ്ങള്‍ക്ക് തിരിച്ചറിവുണ്ട്. കാരണം, മൂലധനത്തിന് വിദ്യാഭ്യാസത്തിലായാലും മാധ്യമവ്യവഹാരത്തിലായാലും ഒരു തുരങ്ക സൗഹൃദമുണ്ട്.

ഇടതുപക്ഷം കേരളം ഭരിക്കുന്നു എന്നതുകൊണ്ട് ഭരണകൂടമാകെ ഇടതുപക്ഷമാകുന്നില്ല. പോലീസും നിയമ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് അതിന്റേതായ വ്യവസ്ഥക്കകത്താണ്. 124 ഉം യു എ പി എകളും തുടങ്ങിയ സര്‍വ ആയുധങ്ങളും അവിടെയുണ്ട്. ആ നിയമ സംവിധാനമാണ് ജിഷ്ണുവിന്റെ കുടുംബത്തെ അവിവേകമായി നേരിട്ടത്. അത് അവിവേകമാകുന്നത് നിയമപരമല്ല, മാനുഷികമാണ്. നിയമത്തിനപ്പുറത്ത് ചില സന്ദര്‍ഭങ്ങളിലെങ്കിലും മാനുഷികതയാണ് പരിഗണിക്കേണ്ടത് എന്ന് തിരിച്ചറിയാനുള്ള ജനാധിപത്യബോധം കേരളത്തിലെ പോലീസ് ഇന്നും ആര്‍ജിച്ചില്ലായെന്നതിന്റെ അടയാളപ്പെടുത്തലായിരുന്നു ഡി ജി പി ഓഫീസിനു മുന്നില്‍ നാം കണ്ടത്. ജിഷ്ണുവിന്റെ കുടുംബത്തിലെ 16 പേരെ കാണുന്നത് തടഞ്ഞ അതേ പോലീസ് മേധാവി മഹിജയേയും ബന്ധുക്കളേയും അവര്‍ക്കടുത്ത് ചെന്ന് കാണേണ്ടിവരുന്നത് ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടാണ്. ആദ്യത്തേത് പോലീസിന്റെ സ്വാഭാവികമായ നടപടികളാണ്. അതിന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം ആവശ്യമില്ല. എന്നാല്‍, ശേഷം ഡി ജി പിയെ ആശുപത്രിയിലേക്ക് ഓടിച്ചത് സര്‍ക്കാറിന്റെ രാഷ്ട്രീയ ഇടപെടലാണ്. വിമര്‍ശനങ്ങള്‍ക്കൊപ്പം ഗുണാത്മകവശങ്ങളും ഒരു സമൂഹത്തിന് ആത്മവിശ്വാസം പകരാനെങ്കിലും മാധ്യമങ്ങള്‍ പരിഗണിക്കുന്നത് നല്ലതാണ്. നെഗറ്റീവ് ജേര്‍ണലിസം ഒരു ക്രിമിനല്‍ കുറ്റമായാണ് ചരിത്രം രേഖപ്പെടുത്തുക.

മാധ്യമങ്ങള്‍ക്ക് ജിഷ്ണുവും മഹിജയും ഒരന്തി ചര്‍ച്ച മാത്രമാണ്. എന്നാല്‍, ഇടതുപക്ഷത്തിന് അതൊരു രാഷ്ട്രീയ പ്രയോഗമാണ്. ഒരമ്മയുടെ മാത്രമല്ല എല്ലാ അമ്മമാരുടേയും കണ്ണീരൊപ്പാന്‍ കഴിയും വിധം വിദ്യാഭ്യാസത്തിന്റെ ചരക്കുവത്കരണത്തിനെതിരെയുള്ള സമരോത്സുകമായ അവബോധം രൂപപ്പെടുത്താന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അത്തരമൊരു സമരാന്തരീക്ഷത്തിനുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളുമാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. മുമ്പ് സ്വാശ്രയവിരുദ്ധ സമരങ്ങള്‍ അത്തരം ക്യാമ്പസുകള്‍ക്കകത്ത് യാതൊരു ചലനവും ഉണ്ടാക്കിയിരുന്നില്ല. രാഷ്ട്രീയ സ്വാതന്ത്ര്യമില്ലാത്ത സ്വാശ്രയ ക്യമ്പസുകള്‍ അതിനെ മറികടന്ന് സമരസജ്ജമാകുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. വിദ്യാഭ്യാസത്തെ പുനര്‍നിര്‍വചിക്കാനും സാമൂഹികാവബോധത്തെ യഥാര്‍ഥ വിദ്യാഭ്യാസത്തിലേക്ക് ഉയര്‍ത്താനും ഈ ജനകീയ ഉണര്‍വ് ശക്തിപ്പെടേണ്ടതുണ്ട്. ഡോക്ടറും എന്‍ജിനീയറുമല്ല സാമൂഹികവത്കരണമാണ് വിദ്യാഭ്യാസമെന്നും കുട്ടികള്‍ അവരുടെ അഭിരുചിക്കനുസൃതമായാണ് വളരേണ്ടതെന്നും രക്ഷിതാക്കള്‍ തിരിച്ചറിയേണ്ട സന്ദര്‍ഭം കൂടിയാണിത്. സ്വാശ്രയ കോളജുകളുടെ മോഹവലയങ്ങള്‍ വിദ്യാര്‍ഥിയുടെ ശരീരത്തെ മാത്രമല്ല, അവരുടെ വ്യക്തിത്വത്തേയുമാണ് തര്‍ത്തുകൊണ്ടിരിക്കുന്നത്. പണം വിദ്യാഭ്യാസത്തിന്റെ അളവുകോലാകുന്ന ഒരു സമൂഹമാണ് ജിഷ്ണുമാരെ സൃഷ്ടിക്കുന്നത്. കുട്ടികളെ കറവപ്പശുക്കളായാണ് രക്ഷിതാക്കള്‍ കാണുന്നതെങ്കില്‍ നാളെ സ്വാശ്രയ മൂലധനം അവരോട് തിരിച്ച് ചോദിക്കും “നിങ്ങള്‍ക്ക് കറക്കാനുള്ള ഉരുപടികളായി നിങ്ങളുടെ മക്കളെ പാകപ്പെടുത്തുന്ന ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളെ കറക്കുന്നതില്‍ എന്താണ് തെറ്റ്” എന്ന്. ലാഭമെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് രക്ഷിതാവും വിദ്യാഭ്യാസവും എത്തിച്ചേരുന്ന തിന്മയുടെ പേരാണ് സ്വാശ്രയ വിദ്യാഭ്യാസം. അതിനെയാണ് നമുക്ക് നേരിടാനുള്ളത്. മഹിജയുടെ കണ്ണുനീരില്‍ തിളച്ചുമറിയുന്നത് അത്തരമൊരു രാഷ്ട്രീയ ഇച്ഛയാണ്. ആ രാഷ്ട്രീയത്തില്‍ ഒലിച്ചുപോകാനുള്ള കരുത്ത് മാത്രമേ എല്ലാ അന്തി ചര്‍ച്ചകള്‍ക്കും അതിന്റെ കുഴലൂത്തുകാര്‍ക്കുമുള്ളൂ.