കാസര്‍കോട് ജില്ലയില്‍ ഏഴ് പോലീസ് സ്റ്റേഷനുകളുടെ ചുമതല ഇനി സിഐമാര്‍ക്ക്

Posted on: April 11, 2017 9:59 pm | Last updated: April 11, 2017 at 9:25 pm

നീലേശ്വരം: ജില്ലയിലെ ഏഴ് പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ് ഐമാരില്‍നിന്നു മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു കൈമാറും. സംസ്ഥാനത്തെ പോലീസ് സ്റ്റേനുകളുടെ പൂര്‍ണചുമതല സബ് ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നുമാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു കൈമാറുന്നതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.
കുറ്റകൃത്യങ്ങള്‍ കൂടിയ പോലീസ് സ്‌റ്റേഷനുകളിലാണ് ആദ്യം എസ് ഐമാരെ മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു സ്‌റ്റേഷനുകളുടെ ഹൗസ് ഒഫീസര്‍ ചുമതല നല്‍കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നതിനു പകരം ഇന്‍സ്‌പെക്ടര്‍ എന്നായിരിക്കും സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പദവി.

രണ്ടോ മൂന്നോ സ്‌റ്റേഷനുകള്‍ക്ക് ഒരു സി ഐ എന്ന നിലവിലുള്ള ഘടന മാറി, ഓരോ സ്‌റ്റേഷനും ഓരോ ഇന്‍സ്‌പെക്ടറുടെ ചുമതല നല്‍കും. ജില്ലയില്‍ കാസര്‍കാട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍, വിദ്യാനഗര്‍, ആദൂര്‍, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്‌റ്റേഷനുകളിലായിരിക്കും സി ഐമാരെ സ്‌റ്റേഷന്‍ ചുമതല ഏല്‍പ്പിക്കുക. സംസ്ഥാനത്തെ 482 പോലീസ് സ്‌റ്റേഷനുകളിലും വൈകാതെ പരിഷ്‌ക്കാരം കൊണ്ടുവരും. എസ് ഐമാര്‍ക്കു ക്രമസമാധാനം ഉള്‍പ്പെടെ മറ്റു ചുമതലകള്‍ വിഭജിച്ചുനല്‍കും.
സിഐമാരെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമിക്കണമെന്ന് അഞ്ചുവര്‍ഷം മുമ്പ് തന്നെ നിര്‍ദേശമുണ്ടായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഈ നിര്‍ദേശം വീണ്ടും മുഖ്യമന്ത്രിയുടെയുടെ ശ്രദ്ധയില്‍ കെണ്ടുവരികയും ആഭ്യന്തര സെക്രട്ടറി കൂടി യോജിക്കുകയും ചെയ്തു. മന്ത്രിസഭ തീരുമാനമായി വന്നാലുടന്‍ ഇത് ഓര്‍ഡറായി ഇറങ്ങും.
സ്‌റ്റേഷന്‍ ചുമതല കൂടി ലഭിക്കുന്നതോടെ സിഐമാരുടെ അധികാരങ്ങള്‍ വര്‍ധിക്കും. നിലവില്‍ ഒരു സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയെ കുടാതെ കുറഞ്ഞത് അഞ്ച് എസ്‌ഐമാരെങ്കിലുമുണ്ട്. ക്രമസമാധാനം, കേസന്വേഷണം എന്നിവ വേര്‍തിരിച്ചു നല്‍കുന്നതോടെ ഇവര്‍ക്കിടയിലെ അധികാര വടംവലി ഒഴിവാക്കാനാകും.