Kerala
നന്തൻകോട് കൂട്ടക്കൊല പിശാച് സേവയുടെ ഭാഗമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: പിശാച് സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനാണ് താന്‍ കൂട്ടക്കൊല നടത്തിയതെന്ന് നന്തന്‍കോട് കൊലക്കേസ് പ്രതി കേഡല്‍ ജീന്‍സന്റെ വെളിപ്പെടുത്തല്‍. പോലീസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ വിചിത്രമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മാനസിക വിഭ്രാന്തിയുള്ള ഇയാളെ ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷം കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഇന്റര്‍നെറ്റിലൂടെ പിശാച് സേവയെക്കുറിച്ച് പഠിച്ച താന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അതിനുള്ള ശ്രമത്തിലായിരുന്നുവെന്നും കേഡല്‍ മൊഴി നല്‍കി. ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാല്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. വിദഗ്ധ പരിശോധനക്ക് ശേഷം പ്രതിയെ സ്വകാര്യമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം.