ചര്‍ച്ചുകളിലെ ആക്രമണം; ഈജിപ്തില്‍ അടിയന്തരാവസ്ഥ

Posted on: April 11, 2017 1:28 am | Last updated: April 11, 2017 at 12:30 am

കൈറോ: ചര്‍ച്ചുകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഈജിപ്തില്‍ അടിയന്തരാവസ്ഥ. ഇസില്‍വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിനും പ്രതികളായ തീവ്രവാദികളെ പിടികൂടുന്നതിനുമായാണ് അടിയന്തരവാസ്ഥ പ്രഖ്യാപിക്കുന്നതെന്നും ഇത് മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുമെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി വ്യക്തമാക്കി.

അലക്‌സാന്‍ഡ്രിയ ടാന്റ എന്നീ നഗരങ്ങളിലെ കോപ്റ്റിക് ചര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസില്‍ ഭീകരര്‍ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥയെ കുറിച്ച് ചിന്തിക്കുന്നത്. മറ്റ് നഗരങ്ങളിലും ചര്‍ച്ചുകളിലും ആക്രമണം നടത്തുമെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീവ്രവാദികളെ പൂര്‍ണമായും പിടികൂടാനും നേരിടാനും മൂന്ന് മാസക്കാലത്തെ അടിയന്തരാവസ്ഥ ഉപയോഗിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. വീടുകള്‍ കയറിയുള്ള തിരച്ചിലടക്കം സൈന്യവും പോലീസും ചേര്‍ന്ന് നടത്തും. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം അല്‍ സീസി നടത്തിയ പ്രസംഗത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായത്. തീവ്രവാദികള്‍ക്കെതിരെ നീണ്ടതും കാഠിന്യമുള്ളതുമായ യുദ്ധമുണ്ടാകുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരിശുദ്ധമാസമായ റമസാനിലും അടിയന്തരാവസ്ഥ നിലനില്‍ക്കും. ഇത് പൊതുജനങ്ങളെ പ്രയാസത്തിലാക്കിയേക്കും. അതേമസമയം, ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഈജിപ്തിലെ അടിയന്തരാവസ്ഥ കാരണമാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നിരപരാധികളായ ആയിരങ്ങള്‍ പീഡനത്തിനിരയാകാനുള്ള സാധ്യത കൂടുതലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.