ഗോത്ര മേഖലയില്‍ ആര്‍ എസ് എസ് ‘ഘര്‍ വാപസി’

Posted on: April 11, 2017 12:45 am | Last updated: April 11, 2017 at 12:12 am

റാഞ്ചി: ഝാര്‍ഖണ്ഡിലെ പട്ടിക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമത്തില്‍ 53 ക്രിസ്ത്യന്‍ കുടുംബങ്ങളെ ആര്‍ എസ് എസ് മതപരിവര്‍ത്തനം നടത്തി. ‘ക്രിസ്ത്യന്‍ രഹിത സമൂഹം’ എന്ന ലക്ഷ്യത്തോടെയാണ് സിന്ദ്രി പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളില്‍ ‘ഘര്‍ വാപസി’ നടപ്പാക്കിയതെന്ന് ഇതിന് നേതൃത്വം കൊടുത്ത ആര്‍ എസ് എസ് സൈയോജക് (കോഓഡിനേറ്റര്‍) ലക്ഷ്മണ്‍ സിംഗ് മുണ്ട പറഞ്ഞു.
‘ഇതിനെ മതപരിവര്‍ത്തനം എന്ന് പറയരുത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ മതം മാറ്റിയവരെ തിരികെ ഹിന്ദുമതത്തില്‍ എത്തിക്കുക മാത്രമാണുണ്ടായതെ’ന്നും മുണ്ട അവകാശപ്പെട്ടു. ക്രിസ്ത്യാനികള്‍ ഇല്ലാത്ത സമൂഹമാണ് തങ്ങളുടെ ലക്ഷ്യം. ഭീഷണിപ്പെടുത്തിയാണ് ഗ്രാമീണരെ മതപരിവര്‍ത്തനം നടത്തിയത്. ഗ്രാമീണര്‍ തങ്ങളുടെ പാരമ്പര്യത്തിലേക്ക് തന്നെ തിരികെയത്തണമെന്നും ഖുന്ദി ജില്ലാ ബി ജെ പി ഉപാധ്യക്ഷന്‍ കൂടിയായ മുണ്ട പറഞ്ഞു.

3.3 കോടി ജനസംഖ്യയുള്ള ഝാര്‍ഖണ്ഡ് സംസ്ഥാനത്തില്‍ 26.2 ശതമാനവും പട്ടിക വിഭാഗങ്ങളാണ്. ഇവരില്‍ 4.5 ശതമാനം ക്രിസ്തുമത വിശ്വാസികളും ശേഷിക്കുന്നവര്‍ പ്രത്യേക മതത്തില്‍ വിശ്വസിക്കാതെ പ്രകൃതിയെ ആരാധിക്കുന്നവരുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം, ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപക മതപരിവര്‍ത്തനം നടക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.