ഹോട്ടലുകളിലെ അടുക്കളയില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കാന്‍ ഉത്തരവ്

Posted on: April 11, 2017 9:54 am | Last updated: April 10, 2017 at 11:54 pm

കൊച്ചി: ഹോട്ടലുകളിലെ അടുക്കളയില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കാണാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഭക്ഷ്യസുരക്ഷാ കമ്മീഷനറും ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഹോട്ടലുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
അത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും ഉത്തര
വില്‍ പറയുന്നു.

റവന്യൂ, ആരോഗ്യ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ രണ്ട് മാസത്തിനകം നടപടി സ്വീകരിക്കണം. ഭക്ഷ്യസുരക്ഷാ കമ്മീഷനര്‍ സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കണം.
ഡോ. സജീവ് ഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നിലവാരമുള്ള ഭക്ഷണം കഴിക്കണമെന്നത് ഭരണഘടനാദത്തമായ അധികാരമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.