Connect with us

Kerala

മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസുവരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കി. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. ഒപ്പം, മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വിദേശത്തായതിനാല്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.

സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍ക്കെല്ലാം നിയമം ബാധകമാണ്. നിയമലംഘനം നടത്തുന്ന സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയാകും സര്‍ക്കാര്‍ റദ്ദാക്കുക. ഭാഷാ ന്യൂനപക്ഷങ്ങളുള്ള സംസ്ഥാനാതിര്‍ത്തികളിലെ സ്‌കൂളുകളിലും മലയാള പഠനം നിര്‍ബന്ധമായിരിക്കും.
ഹയര്‍ സെക്കന്‍ഡറിതലം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കാനായിരുന്നു കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കിയാല്‍ മതിയെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുന്ന മലയാളത്തിന് പ്രത്യേകം പരീക്ഷയുമുണ്ടാകും. സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പരാതിയുണ്ടായാല്‍ അത്തരം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പിഴ ഇടും. തെറ്റ് ആവര്‍ത്തിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും.

നിലവില്‍ സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് മാനേജ്‌മെന്റുകളും സര്‍ക്കാറും തമ്മില്‍ കരാറുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളില്‍ ഏത് ഭാഷ വേണമെന്ന് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാനാകും. ഇഷ്ടഭാഷക്കൊപ്പം മലയാളം കൂടി പഠിക്കേണ്ടിവരുന്നത് കുട്ടികള്‍ക്ക് ഭാരമാവുമെന്ന് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് സംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധ്യതയാകും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും വിലക്കുണ്ടെന്ന് നിരവധി പരാതികള്‍ സര്‍ക്കാറിന് ലഭിച്ചതിനെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തിലേക്ക് നീങ്ങിയത്.