ആരോഗ്യനില വഷളായി; മഹിജയെ എെസിയുവിലേക്ക് മാറ്റി

Posted on: April 8, 2017 7:51 pm | Last updated: April 9, 2017 at 4:18 pm

തിരുവനന്തപുരം: പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ മതാവ് മഹിജയെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മഹിജയെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജലപാനം പോലുമില്ലാതെ ഈ നിലയില്‍ നിരാഹാരം തുടര്‍ന്നാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഡോക്ടര്‍മാരുടെ നടപടി.

അതേസമയം മഹിജയെ ഡോക്ടര്‍മാര്‍ നിര്‍ബന്ധിപ്പിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മഹിജ വെള്ളം കുടിച്ചിരുന്നു. എന്നാല്‍ ജ്യൂസ് അടക്കം ദ്രവ പാനീയങ്ങള്‍ കഴിച്ചതായി ഡോക്ടര്‍മാര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞത് ഇവരെ പ്രകോപിതരാക്കി. സമരത്തെ വിലകുറച്ചുകാണാനുള്ള പ്രചാരണമാണ് ഇതെന്ന് പറഞ്ഞ് പൂര്‍ണമായും ജലപാനം ഉപേക്ഷിച്ചതോടെയാണ് നില വഷളായത്.

മെഡിക്കല്‍ കോളജ് വാര്‍ഡില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും വീട്ടില്‍ നിരാഹാരമിരിക്കുന്ന സഹോദരി അവിഷ്ണയും നിരാഹാരം തുടരുകയാണ്. അവിഷ്ണയെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടന്നുവെങ്കിലും അവള്‍ വഴങ്ങിയിരുന്നില്ല.