നികുതി പിരിച്ചെടുക്കാനുള്ള തത്രപ്പാടില്‍ 81 പൈസ വസ്തു നികുതിക്കും ജപ്തി നോട്ടീസ്‌

Posted on: April 7, 2017 4:30 pm | Last updated: April 7, 2017 at 3:33 pm
SHARE

ചെര്‍പ്പുളശ്ശേരി: 2016 -17 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 അവസാനിക്കുമ്പോഴേക്കും നികുതി പിരിച്ചെടുക്കുന്നതില്‍ മുന്‍പന്തിയിലെത്താനുള്ള തത്രപ്പാടില്‍ ചളവറ ഗ്രാമ പഞ്ചായത്തില്‍ 81 പൈസ വസ്തു നികുതിക്കും ജപ്തി നോട്ടീസ് അയച്ച് ഉദ്യോഗസ്ഥര്‍ കാര്യക്ഷമത തെളിയിച്ചു.
പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള വീട്ടുനമ്പര്‍148 ഉടമസ്ഥനായ വട്ടംകണ്ടത്തില്‍ മുഹമ്മദ് ഷാ എന്ന വ്യക്തിക്കാണ് 8317ന്ന് 2013 -14 കാലയളവിലെ വസ്തു നികതി ഇനത്തില്‍ 81 പൈസ അടക്കാനുണ്ടെന്ന് കാണിച്ച് നോട്ടീസ് അയച്ചിരിക്കുന്നത് .2013-14 വര്‍ഷവും ,ഇതിന് ശേഷമുള്ള എല്ലാ വര്‍ഷവും ഉള്‍പ്പെടെ 2016-17 വരെ വീട്ടുടമസ്ഥന്‍ സമയാസമയങ്ങളില്‍ വസ്തു നികുതി അടച്ച് റസീറ്റ് വാങ്ങുന്നുണ്ട്. ഈ സമയങ്ങളിലൊന്നും 2013 ലെ 81 പൈസ ബാക്കിയുണ്ടന്നും ഇത് വേണമെന്നും വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിട്ടില്ല.

81 പൈസ വസ്തു നികുതിയും, 5 രൂപ നോട്ടീസ് ചാര്‍ജും ഉള്‍പ്പെടെ 5 രൂപ 81 പൈസ അടക്കാനാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത് .നോട്ടീസ് ലഭിച്ച് 15 ദിവത്തിനകം നികുതിയും, നോട്ടീസ് പടിയും, റജിസ്‌ട്രേഷന്‍ ചാര്‍ജ് ഈടാക്കാനുണ്ടങ്കില്‍ അതും കൂടി ഒടുക്കാതിരിക്കുകയോ, അപ്രകാരം ഒടുക്കാതിരിക്കുന്നതിന് സെക്രട്ടറിക്ക് ബോധ്യമാവത്തക്കവണ്ണമുള്ള കാരണം കാണിക്കാതിരിക്കുകയോ ചെയ്യാത്ത പക്ഷം ചട്ടം 15 പ്രകാരം താങ്കളുടെ ജംഗമ വസ്തുക്കള്‍ ലേലം ചെയ്ത് നികുതി, നോട്ടീസ് പടി, റജിട്രേഷന്‍ ചാര്‍ജ്, വാറന്റ് പടി എന്നിവ ഈടാക്കുന്നതും ഏതെങ്കിലും കാരണവശാല്‍ ജപ്തി പ്രായോഗികമല്ലന്നോ മുഴുവന്‍ തുകക്കും പര്യപ്തമല്ലെന്നോ തോന്നുന്ന പക്ഷം താങ്കളെ പ്രോസിക്യൂട്ട് ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. ഒരു വര്‍ഷത്തേയും വസ്തുതി നികുതിയും ബാക്കി ഇല്ലെന്നിരിക്കെ ജപ്തി നോട്ടിസ് കിട്ടിയ ‘യപ്പാടില്‍ നികുതി അടക്കാനായി ഓട്ടോയും വിളിച്ച് പഞ്ചായത്തില്‍ എത്തിയപ്പോള്‍ ഈ സംഖ്യ അടക്കേണ്ട എന്നാണ് ജീവനക്കാര്‍ പറഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ ചെറിയ സംഖ്യക്ക് നോട്ടിസ് ലഭിച്ചവര്‍ പഞ്ചായത്തില്‍ ഏറെയാണ്. നോട്ടീസ് പ്രിന്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇതിലുള്ള സംഖ്യ എത്രയാണന്ന് ഈ ജീവനക്കാരന്‍ ഒന്ന് നോക്കിയിരുന്നങ്കില്‍ നോട്ടീസ് അയക്കേണ്ട 5 രൂപ സര്‍ക്കാറിനും, നോട്ടീസ് ലഭിച്ച വ്യക്തി പഞ്ചായത്ത് ഓഫീസിലെത്തേണ്ട സാമ്പത്തികവും, സമയവും ലാഭിക്കാമായിരുന്നു. അതേ സമയം മാര്‍ച്ച് 31ന് മുമ്പ് നികുതി പിരിച്ചെടുക്കുന്നതിനായി പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടേയും വിവരങ്ങള്‍ ഒന്നിച്ചെടുക്കുന്നതില്‍ വരുന്ന വീഴ്ചകളാണിതെന്നാണ് സെക്രട്ടറി പറയുന്നത് .

 

LEAVE A REPLY

Please enter your comment!
Please enter your name here