Connect with us

Ongoing News

ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സീറ്റുകള്‍ നിര്‍മിക്കുന്നത് ഖത്വറില്‍

Published

|

Last Updated

കമ്പനി പ്രതിനിധി സീറ്റിനെ കുറിച്ച് വിവരിക്കുന്നു

ദോഹ: 2022ലെ ഫിഫ ലോക കപ്പ് സ്റ്റേഡിയങ്ങളുടെ സീറ്റുകള്‍ രാജ്യത്ത് തന്നെ നിര്‍മിക്കുന്നവയായിരിക്കും. സീറ്റുകള്‍ നിര്‍മിക്കാനുള്ള കരാര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) മാനുഫാക്ചറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ കോസ്റ്റല്‍ ഖത്വറിനു നല്‍കി. ദോഹയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫാക്ടറിയില്‍ ദിവസവും 500 സീറ്റുകള്‍ എന്ന തോതിലാണ് ഉത്പാദനം നടക്കുക. അല്‍ വക്‌റ, അല്‍ ബെയ്ത്ത്(അല്‍ ഖോര്‍ സിറ്റി), അല്‍ റയ്യാന്‍ സ്‌റ്റേഡിയങ്ങളുടെ സീറ്റുകളാണ് കമ്പനി നിര്‍മിക്കുക.

സീറ്റുകള്‍ നിര്‍മിക്കാന്‍ വേണ്ടി സജ്ജമാക്കിയ കോസ്റ്റലിന്റെ സ്‌പോര്‍ട്‌സ് സീറ്റിംഗ് ഫാക്ടറി ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. ലോകകപ്പുമായി ബന്ധപ്പട്ട പദ്ധതികളില്‍ പങ്കാളിത്തം വഹിക്കുന്ന ഖത്വര്‍ റെയില്‍, അശ്ഗാല്‍, ലുസൈല്‍, അസ്‌പെയര്‍ സോണ്‍ ഫൗണ്ടേഷന്‍, ഖത്വര്‍ ഫൗണ്ടേഷന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന പ്രത്യേക ചടങ്ങില്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാദേശികമായി നിര്‍മിക്കുന്നതായതിനാല്‍ 2022ലെ ലോകകപ്പിനെത്തുന്ന കാണികള്‍ക്ക് തങ്ങളുടെ സീറ്റിന് പിറകില്‍ മെയ്ഡ് ഇന്‍ ഖത്വര്‍ എന്ന് ആലേഖനം ചെയ്തതു കാണാം. സീറ്റുകള്‍ വിതരണം ചെയ്യുന്നതിന് പുറമേ ഘടിപ്പിക്കല്‍, അറ്റകുറ്റപ്പണി ചുമതലയും കോസ്റ്റലിനു തന്നെയാണ്. മൂന്ന് സ്‌റ്റേഡിയങ്ങള്‍ക്കുമായി മൊത്തം 1.40 ലക്ഷം സീറ്റുകളാണ് നിര്‍മിക്കുക. അല്‍ റയ്യാന്‍, അല്‍ വക്‌റ സ്‌റ്റേഡിയങ്ങളില്‍ 40,000 സീറ്റുകള്‍ വീതവും അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ 60,000 സീറ്റുകളുമാണുണ്ടാവുക.
അത്യാധുനിക പോളിമര്‍ ഇന്‍ജെക്ഷന്‍ മോള്‍ഡിംഗ് മെഷിനറി ഉപയോഗിച്ചാണ് കോസ്റ്റല്‍ സീറ്റുകള്‍ നിര്‍മിക്കുന്നത്. പൂര്‍ണമായും യന്ത്ര നിയന്ത്രിതമായ നിര്‍മാണം ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങള്‍ പരമാവധി കുറക്കുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കോസ്റ്റല്‍ നിര്‍മിക്കുന്ന ആദ്യ സീറ്റുകള്‍ ഈ വര്‍ഷം ഡിസംബറില്‍ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഘടിപ്പിക്കും.

മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ 30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കമ്പനിയാണ് കോസ്റ്റല്‍ ഖത്വര്‍. ഖത്വറിനു പുറമേ ആഗോള പങ്കാളികളുമായി ചേര്‍ന്ന് യൂറോപ്പിലും യു എസിലും കോസ്റ്റല്‍ സേവനം ലഭ്യമാക്കുന്നുണ്ട്. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ഖത്വര്‍ ഫൗണ്ടേഷന്‍, അശ്ഗാല്‍, അസ്പയര്‍ ലോജിസ്റ്റിക്‌സ്, ഖത്വര്‍ ഒളിംപിക് കമ്മിറ്റി എന്നിവയുടെ പദ്ധതികളില്‍ കോസ്റ്റല്‍ പങ്കാളിത്തം വഹിച്ചിരുന്നു. ലോകകപ്പിനുള്ള സീറ്റുകള്‍ മെയ്ഡ് ഇന്‍ ഖത്വര്‍ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഊര്‍ജം പകരുക എന്നത് ലോകകപ്പ് ആതിഥ്യമേറ്റെടുത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോറം സീറ്റിംഗിന്റെ സാങ്കേതിക വിദ്യാ സഹായത്തോടെ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്കുള്ള സീറ്റുകള്‍ നിര്‍മിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് കോസ്റ്റല്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ ജബര്‍ അല്‍ താനി പറഞ്ഞു.