വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന ചില സഖാക്കളോട്;പോലീസ് കാണിച്ചത് നീതികേടുതന്നെ: മുഹ്‌സിന്‍ എംഎല്‍എ

Posted on: April 6, 2017 11:20 pm | Last updated: April 6, 2017 at 11:20 pm

പാലക്കാട്:ജിഷ്ണുവിന്റെ അമ്മയോട് പോലീസ് കാണിച്ചത് നീതികേടുതന്നെയാണെന്ന് ആവര്‍ത്തിച്ച് മുഹ്‌സിന്‍എംഎല്‍എ. സമരം ചെയ്യുന്നവര്‍ കലാപത്തിനോ, സംഘര്‍ഷത്തിനോ മുതിരാത്തിടത്തോളം കാലം സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ പൊലീസിന് അവകാശമില്ല. സമരക്കാരെ നേരിടുന്ന രീതിയില്‍ ഏറ്റവും മോശം എന്ന് പേര് കേട്ട ദല്‍ഹി പോലീസ് ചെയ്യുന്നത് കേരളത്തിലെ പോലീസ് മാതൃകയാക്കാന്‍ അനുവദിക്കില്ലെന്നും മുഹ്‌സിന്‍എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…
ഞാനൊരു ന്യായീകരണ തൊഴിലാളിയല്ല, ഇടതുരാഷ്ട്രീയ പ്രവര്‍ത്തകനാണ്.
ജിഷ്ണുവിന്റെ അമ്മയോട് പോലീസ് കാണിച്ചത് നീതികേടുതന്നെയാണ്. സമരം ചെയ്യുന്നവര്‍ കലാപത്തിനോ, സംഘര്‍ഷത്തിനോ മുതിരാത്തിടത്തോളം കാലം സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ പൊലീസിന് അവകാശമില്ല. സമരക്കാരെ നേരിടുന്ന രീതിയില്‍ ഏറ്റവും മോശം എന്ന് പേര് കേട്ട ദല്‍ഹി പോലീസ് ചെയ്യുന്നത് കേരളത്തിലെ പോലീസ് മാതൃകയാക്കാന്‍ അനുവദിക്കില്ല. യു ഡി എഫിന്റെ ഭരണകാലത്ത് അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ പോലീസ് സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ത്തു എന്നത് ജിഷ വധക്കേസ് അടക്കമുള്ളതില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം നിയമ പരിപാലനത്തില്‍ അവിഹിത ഇടപെടല്‍ അവസാനിപ്പിക്കാന്‍ നടപടി തുടങ്ങി. പോലീസിനെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും മോചിപ്പിച്ചു, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ സദുദ്ദേശപരമായ തീരുമാനം നിയമവാഴ്ചയില്‍ വലിയരീതിയില്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും ചില ഉന്നത ഉദ്യോഗസ്ഥരെങ്കിലും ഈ തൊഴില്‍ സ്വാതന്ത്ര്യം അവസരമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നത്.
പോലീസ് ഒരു കൊളോണിയല്‍ഫ്യുഡല്‍ സംവിധാനമാണ്. നല്ല ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയമായ ഇടപെടലാണ് കേരളം പോലുള്ള സ്ഥലത്ത് അതിനെ കുറച്ചെങ്കിലും ജനാധിപത്യവല്‍ക്കരിച്ചത്. ജനങ്ങളുടെ കയ്യില്‍ നിന്നും പിരിച്ചെടുക്കുന്ന പണമാണ് പൊലീസിന് ശമ്പളമായി കൊടുക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്. നമ്മള്‍ പ്രതീക്ഷിച്ചപോലെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മോചിപ്പിച്ചാല്‍ നന്നാവുന്ന ഒന്നല്ല കേരള പോലീസ്. കാരണം തങ്ങളുടെ അധികാരത്തിന്റെ ഹുങ്കില്‍ ജനങ്ങളുടെ മേല്‍ കുതിരകയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന ക്രിമിനലുകളാണ് ഇന്ന് കേരള പോലീസിലുള്ള പലരും. പോലീസ് മാറണമെങ്കില്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ ഈ സംവിധാനത്തില്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്ന് പൊലീസിന് കിട്ടുന്ന പല നിയമപരമായ പരിരക്ഷയും ഒരു ജനാധിപത്യ സംവിധാനത്തില്‍ ആവശ്യമില്ലാത്തവയാണ്. ഒരു സസ്‌പെന്‍ഷനിലോ, സ്ഥലം മാറ്റത്തിലോ തീരാവുന്നതാണ് തങ്ങളുടെ എത്ര വലിയ തെറ്റും എന്നത് പൊലീസിലെ ക്രിമിനലുകള്‍ക്ക് നന്നായറിയാം. ഈ രീതി മാറാത്തിടത്തോളം എന്തൊക്കെ ചെയ്താലും, ആരൊക്കെ ഭരിച്ചാലും പൊലീസിന് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ഒരുകാര്യം നമ്മളോര്‍ക്കേണ്ടത്, പിണറായി മുഖ്യമന്ത്രി ആയതുകൊണ്ടല്ല പോലീസ് സംവിധാനം പഴികേള്‍ക്കുന്നത്. കാലങ്ങളായി ഉള്ള ഒരു വലിയ വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവും മനോഭാവവും അധികാര മനസ്ഥിതിയിലും അടിച്ചമര്‍ത്തുന്ന വിധത്തിലുമാണ്. പലപ്പോഴും ഇന്ത്യയിലെ പോലീസ് ഇന്നും ബ്രിട്ടീഷുകാരന്റെ കൂലി പട്ടാളത്തെപ്പോലെയാണ് പെരുമാറുന്നത്. അതുകൊണ്ടാണ് പോലീസ് ഭരണകൂടത്തിന്റെ മര്‍ദ്ധനോപാധിയാണെന്നു കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത്. ഈ പോലീസ് സംസ്‌കാരത്തില്‍ മാറ്റം വന്നേ മതിയാകൂ.
പോലീസ് സ്‌റ്റേഷനില്‍ ജനങ്ങള്‍ക്ക് കയറാന്‍ ഭയമുള്ള സമയത്ത് വരുന്നവര്‍ക്ക് ഇരുന്നു കാര്യങ്ങള്‍ പറയാന്‍ ഇരിപ്പിടം ഒരുക്കിയത് കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ആയ ഇ എം എസ് സര്‍ക്കാര്‍ ആയിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കായി അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ സമരം ചെയ്യുമ്പോള്‍ അത്തരം സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി പൊലീസിനെ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചത് ആ സര്‍ക്കാരിന്റെ മന്ത്രിസഭയായിരുന്നു. ഇലക്ട്രിക് ലാത്തിയും ജലപീരങ്കിയും ഗ്രനേഡുമായി വിദ്യാര്‍ത്ഥി സമരങ്ങളെ നിര്‍ദ്ധാക്ഷിണ്യം അടിച്ചമര്‍ത്തി പോലീസിനെ സഹായിച്ച നിലപാടാണ് എന്നും യു ഡി എഫും അവരുടെ സര്‍ക്കാരുകളും ചെയ്തിട്ടുള്ളത്. പോലീസിന്റെ അതിക്രമവുമായുള്ള വിഷയത്തില്‍ കേവലം ആഭ്യന്തരമന്ത്രി മാറിയതുകൊണ്ടോ, ചിലരെ മാറ്റിയതുകൊണ്ടോ തീരുന്ന പ്രശ്‌നമായി കണക്കാക്കാന്‍ കഴിയില്ല. പോലീസില്‍ ഒരു മാന്യമായ സംസ്‌കാരം കൊണ്ടുവരണം. പല വിദേശരാജ്യങ്ങളിലെയും പോലെ നല്ല നിയമപാലകരാക്കി മാറ്റണം. പക്ഷെ ഇത്തരം ശ്രമങ്ങളുണ്ടാകുമ്പോള്‍ തന്നെ സര്‍ക്കാര്‍ ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കും എതിരാണെന്നും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നു എന്നും പറഞ്ഞു കോലാഹലങ്ങള്‍ ഉണ്ടാക്കാതെ പ്രതിപക്ഷം ക്രിയാത്മകമായി ഇടപെടുകയും വേണം.
യു. ഡി. എഫ്. ഹര്‍ത്താലിനെക്കുറിച്ച് : മലപ്പുറം തെരഞ്ഞെടുപ്പ് മാത്രമാണ് ഇതിനു പിന്നില്‍. കടുത്ത ഹര്‍ത്താല്‍ വിരോധിയായ എം എം ഹസന്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനും ഹര്‍ത്താലിനെതിരെ തൊണ്ടകീറി നിയമസഭയില്‍ ‘ഗര്‍ജ്ജിച്ച’ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായിരുന്ന സമയത്തുതന്നെ ഹര്‍ത്താല്‍ നടത്തുകയും അവരെക്കൊണ്ടു തന്നെ അതിനു നേതൃത്വം കൊടുക്കുകയും ചെയ്തതിലൂടെ യു ഡി എഫിന്റെ രാഷ്ട്രീയവും അതിലെ ആത്മാര്‍ത്ഥതയും വ്യക്തമാണ്. രജനിയോടും, ഹസ്‌നയോടും മറ്റുപലരോടും ഇല്ലാത്ത യുഡിഎഫിന്റെ ഈ പ്രകടനം വെറും രാഷ്ട്രീയ പരമായ മുതലെടുപ്പ് മാത്രമാണ്. ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരനായ സഞ്ചിത് വിശ്വനാഥനെപ്പോലെയുള്ളവരെ പ്രോത്സാഹിപ്പിച്ചതും വളര്‍ത്തിയതും ഇതേ യുഡിഎഫ് തന്നെയാണ്. ഇത്തരം വിഷയത്തില്‍ നമുക്ക് വേണ്ടത് രാഷ്ട്രീയ മുതലെടുപ്പല്ല, ക്രിയാത്മകമായ ഇടപെടലാണ്.
പിന്നെ ബി ജെ പിയെക്കുറിച്ച് : രോഹിത്തിന്റെയും, നജീബിന്റേയും കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ്, യു പിയില്‍ നിരോധിച്ച ബീഫ് മലപ്പുറത്ത് നിങ്ങള്‍ തന്നെ വിളമ്പും എന്ന് പറഞ്ഞതില്‍ നിന്നും വ്യക്തമാണ്. നിങ്ങളുടെ ഓന്ത് രാഷ്ട്രീയത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല
എന്റെ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന ചില സഖാക്കളോട്:
സഖാക്കളെ പോലീസ് നിശ്ചയിക്കുന്ന പരിധിയിലെ സമരം ചെയ്യാവൂ എന്ന് നമ്മളെക്കൊണ്ട് പറയിപ്പിക്കുന്നതെന്താണ്. നിയമപാലകര്‍ മര്‍ദ്ധകരായപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ തന്നെ ആക്രമിച്ചുഅടിച്ചു തകര്‍ത്ത പാരമ്പ്‌വര്യമുള്ളവരാണ് നമ്മള്‍. കേവലം യുഡിഎഫിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ നമ്മുടെ രാഷ്ട്രീയവും വിപ്ലവവും ആര്‍ക്കും അടിയറവ് വെക്കേണ്ടതില്ല. സര്‍ക്കാര്‍ രാജിവെക്കുക എന്ന യുഡിഎഫിന്റെ കാമ്പയിനില്‍ തിരിച്ചറിവ് നഷ്ടപ്പെട്ടു പോലീസിനെ ന്യായീകരിക്കേണ്ട ഗതികേട് സഖാക്കള്‍ക്കില്ല. അങ്ങനെ ഭരണത്തിനൊപ്പം നിറം മാറുന്ന പോലീസ് അല്ല നമുക്ക് വേണ്ടത്, സ്വതതന്ത്രവും മനുഷ്യത്വപരവുമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പോലീസിനെയാണ് നമുക്കാവശ്യം. എല്ലാം മുഖ്യമന്ത്രിക്കെതിരെ തിരിച്ചു സഖാക്കളെ പ്രതിരോധത്തിലാക്കുന്ന യുഡിഎഫിന്റെ കാമ്പയിനില്‍ വീണു നമ്മിലെ സഖാവിനെ തല്ലിക്കെടുത്തരുത്. യുഡിഎഫിനു അധികാരമാണ് ആവശ്യം, സഖാക്കള്‍ക്ക് നല്ലൊരു നാടും പുരോഗതിയുള്ള ഒരു സമൂഹവുമാണ് ആവശ്യം. അതിനാല്‍ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും അഞ്ചു വര്‍ഷത്തേക്ക് കുഴിച്ചുമൂടുന്ന യുഡിഎഫ് സംസ്‌കാരം പിന്തുടരാന്‍ തത്കാലം ആഗ്രഹിക്കുന്നില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിച്ചത് കൊണ്ടാണ് ജിഷ്ണു വേട്ടയാടപ്പെട്ടത്. അതുകൊണ്ട് തന്നെ ജിഷ്ണുവിനും, അവന്റെ അമ്മയ്ക്കും നീതി നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനം ബാധ്യസ്ഥരാണ്. അത് ഉണ്ടാവും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
പിന്നെ ഇതൊക്കെ ഫേസ്ബുക്കില്‍ പറയാതെ പിണറായിയോട് പോയിപ്പറയൂ, പിണറായിയെ കാണുമ്പോള്‍ മുട്ടുവിറക്കില്ലേ എന്നൊക്കെ ചോദിക്കുന്നവരോട്. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുതിര്‍ന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. അതിനുള്ള ബഹുമാനം അദ്ദേഹത്തോട് കാണിക്കാറുണ്ട്. എന്നെ കാണുമ്പോള്‍ നിങ്ങള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് മുണ്ടഴിച്ചിട്ട് ബഹുമാനിക്കണം എന്ന് പറയുന്ന ഒരാളല്ല സ: പിണറായി. അതുപോലെ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തില്‍ വിമര്‍ശനത്തിനതീതമായി ഒന്നുമില്ല. വിമര്‍ശിക്കേണ്ടിടത്ത് അത് ചെയ്യുന്നത് ആരെയും വ്യക്തിപരമായി തകര്‍ക്കാനുമായിരിക്കില്ല. ചെവി കേള്‍ക്കില്ലെന്നുള്ള രീതിയില്‍ പത്രക്കാരോട് പ്രതികരിക്കുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്നും, ഗുരുവായൂരില്‍ അബ്ദുല്ഖാദറിന് എന്തുകാര്യം എന്ന് ചോദിക്കുന്ന ചെന്നിത്തലയില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തനാണ് പിണറായി. അതിനുള്ള ബഹുമാനം അദ്ദേഹത്തിന് കൊടുക്കേണ്ടത് തന്നെയാണ്.
ലാല്‍സലാം!