Connect with us

Kerala

സമരംചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിന് പോലീസ് അതിക്രമം

Published

|

Last Updated

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും പോലീസിന്റെ മര്‍ദനം. ഇരുപത് മിനിറ്റോളം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കിടെയാണ് പൊലീസ് കൈക്കരുത്ത് കാട്ടി പ്രതിഷേധ സമരത്തിനെത്തിയവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. അറസ്റ്റ്‌ചെയ്ത്മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിച്ച ജിഷ്ണവുന്റെ അമ്മയെ മ്യൂസിയം എസ്‌ഐ മര്‍ദിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നും പൊലീസ് വിട്ടയച്ചാല്‍ വീണ്ടും സമരത്തിന് എത്തുമെന്നും അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. ഡിജിപി ഓഫിസ് അതീവ സുരക്ഷാ മേഖലയാണെന്നും ഇവിടെ സമരം അനുവദിക്കില്ലെന്നും വ്യക്തമാക്കിയാണ് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛന്‍, അമ്മാവന്‍ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘത്തിനെതിരെ പൊലീസ് ബലപ്രയോഗം നടത്താന്‍ തുടങ്ങിയത്.

ഏറെനേരം പൊലീസിനെതിരെ പ്രതിഷേധിച്ചു നില്‍ക്കുകയും ചെയ്തു ജിഷ്ണുവിന്റെ കുടുംബം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വിലങ്ങ് വെച്ച് മാത്രമെ കൊണ്ടുപോകാന്‍ കഴിയുകയുളളുവെന്നും തങ്ങളെ സമരത്തിന് അനുവദിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം പൊലീസിനോട് ബഹളത്തിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഇതിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും പ്രതിഷേധിക്കാതെ പിരിഞ്ഞുപോകണമെന്നും പൊലീസ് ജിഷ്ണുവിന്റെ കുടുംബത്തോട് ബലപ്രയോഗത്തിനിടെ പറയുന്നുണ്ട്.

അതേസമയം ജിഷ്ണവുന്റെ അമ്മയേയും ബന്ധുക്കളേയും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍ ഡിജിപി ഓഫീസിലേക്ക്കടത്തിവിടാന്‍ പോലീസ് അനുവദിച്ചില്ല.

Latest