Connect with us

Kerala

ദേശീയ റാങ്കിംഗില്‍ കേരള സര്‍വകലാശാലക്ക് മികച്ച നേട്ടം

Published

|

Last Updated

തിരുവനന്തപുരം: നാക് അക്രഡിറ്റേഷനില്‍ 2015ല്‍ എ ഗ്രേഡ് കരസ്ഥമാക്കിയതിന് ശേഷം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാലക്ക് മികച്ച നേട്ടം. സര്‍വകലാശാലകളുടെ റാങ്കിംഗ് പട്ടികയില്‍ ദേശീയ തലത്തില്‍ 29-ാം സ്ഥാനത്തും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തുമാണ് കേരള സര്‍വകലാശാല. 2015ല്‍ കേരളത്തിലെ മികച്ച സര്‍വകലാശാലക്കുള്ള പ്രഥമ ചാന്‍സലേഴ്‌സ് അവാര്‍ഡ് നേടിയ കേരള സര്‍വകലാശാല കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഒട്ടനവധി ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലം കണ്ട ചാരിതാര്‍ഥ്യത്തിലാണിപ്പോള്‍.

പതിറ്റാണ്ടുകളായി പരിഷ്‌കരിക്കാതെ കിടന്ന പല റഗുലേഷനുകളും മികച്ച രീതിയില്‍ പരിഷ്‌കരിക്കുകയും നിരവധി നൂതന സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ സര്‍വകലാശാലക്കായി. 75 വര്‍ഷങ്ങളില്‍ ഒരു പേറ്റന്റ് മാത്രം നേടിയ ചരിത്രം സമീപകാലത്ത് മാറ്റിക്കുറിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നാല് പാറ്റന്റുകള്‍ കരസ്ഥമാക്കാന്‍ സര്‍വകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്. മുടങ്ങിക്കിടന്ന ക്യാമ്പസ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിച്ച് പുതിയ വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങള്‍ നിലവില്‍ വന്നു .
സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം രേഖപ്പെടുത്താനും അപഗ്രഥിക്കാനുമായി വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ഗുണനിലവാര സമിതി രണ്ട് മാസത്തിലൊരിക്കല്‍ കൂടി തീരുമാനങ്ങളെടുക്കാറുണ്ട്. ഗവേഷക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി അതിവേഗ ഇ- പ്രസിദ്ധീകരണ പദ്ധതിയിലൂടെ ആറ് ഇ-ബുക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാലക്ക് സാധിച്ചു. ശാസ്ത്രസാങ്കേതിക ഗവേഷണത്തിന് പുതുജീവന്‍ നല്‍കാനായി സ്ഥാപിച്ച സോഫിസ്റ്റിക്കേറ്റഡ് ഇന്‍സട്രുമെന്റേഷന്‍ സെന്ററില്‍ (എസ് ഐ സി സി) കോടിക്കണക്കിന് വിലവരുന്ന അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു.

ഇതിന്റെ ഉപയോക്താക്കളായി വി എസ് എസ് സി, ഐ ഐ എസ് ഇ ആര്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവര്‍ വരുന്നുണ്ട്. അധ്യാപനത്തിലെ ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കരിക്കുലം ഫെയര്‍, ഗുണനിലവാരം വിലയിരുത്തലിനായി അക്കാദമിക് ഓഡിറ്റ്, ജെന്‍ഡര്‍ ഓഡിറ്റ്, ഗ്രീന്‍ ഓഡിറ്റ്, വാര്‍ഷിക വിദ്യാര്‍ഥി സര്‍വേ എന്നീ ഘടകങ്ങള്‍ സര്‍വകലാശാലക്ക് റാങ്കിംഗില്‍ ഉന്നത സ്ഥാനം കിട്ടാന്‍ കാരണമായി.
അധ്യാപകരും ഗവേഷക വിദ്യാര്‍ഥികളും ആത്മാര്‍ഥതയോടെ നടത്തുന്ന ഗവേഷണം, മികവുറ്റ ജേര്‍ണലുകളില്‍ അവര്‍ നേടിയിട്ടുള്ള പ്രസിദ്ധീകരണങ്ങള്‍ എന്നിവയും മികച്ച റാങ്കിംഗ് നേടാന്‍ സര്‍വകലാശാലയെ സഹായിച്ചു.

 

Latest